ഓണച്ചന്തകളിൽ ജൈവ പച്ചക്കറികൾ വിപണനം ചെയ്യാൻ പ്രത്യേക സ്റ്റാൾ ഒരുക്കുമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഏത്തവാഴ കർഷകരെ സഹായിക്കുന്നതു മുൻനിർത്തി ഓണം സ്പെഷ്യൽ ഭക്ഷ്യ കിറ്റിനൊപ്പം ഉപ്പേരിയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നരുവാമൂട് ചിറ്റിക്കോട് ഏലായിൽ വള്ളിച്ചൽ സംഘമൈത്രി ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനി ലിമിറ്റഡിന്റെ ഓണക്കാല വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശിക കർഷകർക്കു വിപണി കണ്ടെത്തുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കുമെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഓണച്ചന്തകളിൽ ജൈവ പച്ചക്കറി സ്റ്റാൾ തുറക്കുന്നത്. ഓണക്കിറ്റിനൊപ്പം ഉപ്പേരി നൽകുന്നതിനായി കുടുംബശ്രീയുടെ പ്രാദേശിക കർഷകരിൽനിന്ന് എത്തക്കായ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചിറ്റിക്കോട് ഏലായിൽ ഏഴ് ഏക്കറിൽ കൃഷി ചെയ്ത പയർ, വെള്ളരി,വെണ്ട, ചീര, വാഴപ്പഴങ്ങൾ, പപ്പായ എന്നിവയുടെ ആദ്യഘട്ട വിളവെടുപ്പാണ് നടന്നത്. നൂറ്റിയിരുപതോളം കർഷകർ ചേർന്നാണു നൂറുമേനി വിളവെടുത്തിരിക്കുന്നത്. സംഘമൈത്രിയുടെ കീഴിൽ ജില്ലയിൽ ഏഴായിരത്തോളം കർഷകർ് വിവിധയിടങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. ഇവരുടെ രണ്ട് ജൈവ പച്ചക്കറി മൊബൈൽ യൂണിറ്റുകൾ അയ്യങ്കാളി ഹാളിനു മുന്നിലും സെക്രട്ടേറിയേറ്റിനടുത്തായും പ്രവർത്തിക്കുന്നുണ്ട്.
വിളവെടുപ്പ് മഹോത്സവ ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ. രാകേഷ്, വി. ബിന്ദു, സരിത, ജെ. രാജേഷ്, സംഘമൈത്രി ചെയർമാൻ ആർ. ബാലചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.