പ്രഥമ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശശികുമാറിന്

0
70

ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ ആദ്യമായി ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ശശികുമാര്‍ അര്‍ഹനായതായി സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ.സച്ചിദാനന്ദന്‍ ചെയര്‍മാനും വെങ്കിടേഷ് രാമകൃഷ്ണന്‍, എസ് ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കേരളത്തില്‍ ഗൗരവമുള്ള ഒരു ടെലിവിഷന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ച വ്യക്തിയാണ് ശശികുമാര്‍ എന്ന് ജൂറി വിലയിരുത്തി. മലയാളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് മതേതര, പുരോഗമനമൂല്യങ്ങളിലൂന്നിയ ദിശാബോധം നല്‍കുകയും ദീര്‍ഘകാലമായി ഈ മേഖലയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ടെലിവിഷന്‍ പ്രവര്‍ത്തകനെന്ന നിലയിലുള്ള അതുല്യസംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതിയെന്നും ജൂറി അഭിപ്രായപ്പെട്ടു.

ദൂരദര്‍ശനില്‍ ഇംഗ്‌ളീഷ് വാര്‍ത്താവതാരകനായും പ്രൊഡ്യൂസറായും ഔദ്യോഗിക ജീവിതം ആരംഭിച്ച ശശികുമാര്‍ മലയാളത്തിലെ ആദ്യസ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ സ്ഥാപകനാണ്. പ്രാദേശികഭാഷയിലുള്ള ഇന്ത്യയിലെ ആദ്യ ഉപഗ്രഹ ടെലിവിഷന്‍ ചാനല്‍ കൂടിയായ ഏഷ്യാനെറ്റിലൂടെ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിതപരിപാടികളുമായി പുരോഗമനപരമായ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് അദ്ദേഹം തുടക്കമിട്ടു.

നിലവില്‍ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തിന്റെ ചെയര്‍മാനും ഏഷ്യാവില്‍ ചീഫ് എഡിറ്ററുമാണ്. എന്‍.എസ് മാധവന്റെ ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’ എന്ന ചെറുകഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ‘കായാതരണ്‍’ എന്ന ഹിന്ദി ചിത്രത്തിന് അരവിന്ദന്‍ പുരസ്‌കാരം ലഭിച്ചു. എന്നു നിന്റെ മൊയ്തീന്‍, ലൗഡ് സ്പീക്കര്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.