അഡിഷണല്‍ ജില്ലാ ജഡ്ജിയുടെ മരണം; മൂന്നുപേർ കസ്റ്റഡിയിൽ, അന്വേഷണത്തിന് പ്രത്യേകസംഘം

0
69

പ്രഭാതസവാരിക്കിടെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച്‌ മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ അടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലാകും പ്രത്യേക സംഘത്തിന്റെ അന്വേഷണം. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദേശിച്ചിരുന്നു. തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാവുന്ന ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ഇടപെടല്‍. ആദ്യഘട്ടത്തില്‍ അപകടമരണമെന്ന് ആയിരുന്നു നിഗമനം. എന്നാൽ, അപകടത്തിന്റെ സിസിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉണ്ടായതു. മരണത്തിന് കാരണമായ ഓട്ടോറിക്ഷ മനഃപൂർവം ഉത്തം ആനന്ദിനെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെയായിരുന്നു സംഭവം. രാവിലെ അഞ്ചുമണിയോടെ പ്രഭാത സവാരിക്കിടെയാണ് ഉത്തം ആനന്ദിനെ വാഹനം ഇടിക്കുന്നത്. റോഡിന് നടുവിലൂടെ വന്ന വാഹനം റോഡരികിലൂടെ നടക്കുകയായിരുന്ന ആനന്ദിനെ ലക്ഷ്യം വെച്ച് നീങ്ങുന്നതും ഇടിച്ചുതെറിപ്പിച്ച ശേഷം കടന്നുകളയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

റോഡില്‍ രക്തം വാര്‍ന്നുകിടക്കുകയായിരുന്ന ആനന്ദിനെ ആരോ ഒരാൾ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ആനന്ദിനെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയില്‍ നിന്ന് ആനന്ദിനെ കണ്ടെത്തിയത്. അജ്ഞാതനെന്ന് രേഖപ്പെടുത്തിയായിരുന്നു മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്.

ധന്‍ബാദിലെ മാഫിയ കൊലപാതകങ്ങളടക്കം പ്രമാദമായ കേസുകള്‍ പരിഗണിച്ചിരുന്ന ഉത്തം ആനന്ദ് അടുത്തിടെ രണ്ട് ഗുണ്ടാത്തലവന്‍മാരുടെ ജാമ്യം നിഷേധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു.