കർണാടക മുഖ്യമന്ത്രിയായി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ഗവർണർ തവർച്ഛന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലി കൊടുത്തു.ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ബി.എസ്. യെദിയൂരപ്പയും സന്നിഹിതനായിരുന്നു.
തിങ്കളാഴ്ച നടന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് 61കാരനായ ബൊമ്മൈയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്. സത്യപ്രതിജ്ഞക്ക് മുമ്പ് യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
മുൻ കർണാടക മുഖ്യമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എസ്.ആർ. ബൊമ്മെയുടെ മകനാണു ബസവരാജ് ബൊമ്മെ. ജനതാദളിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ബസവരാജ് 2008ലാണ് ബിജെപിയിൽ ചേർന്നത്. 1960 ജനുവരി 28നാണു ജനനം. 1956നുശേഷം കർണാടകയിലെ 21 മുഖ്യമന്ത്രിമാരിൽ ഒന്പതു പേർ ലിംഗായത്ത് വിഭാഗക്കാരാണ്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിൽ 90 എണ്ണത്തിൽ ലിംഗായത്ത് വിഭാഗത്തിനു നിർണായക സ്വാധീനമുണ്ട്.