ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു

0
79

ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പുണെയിലെ വസതിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.

1956-ൽ മലേഷ്യയിൽ നടന്ന സെല്ലാഞ്ചർ ഇന്റർനാഷണൽ കിരീടം നേടിയതോടെ ബാഡ്മിന്റണിൽ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് നന്ദു നടേക്കർ.1954-ൽ നടന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്താനും അദ്ദേഹത്തിനായി.

കരിയറിൽ നൂറോളം ദേശീയ-അന്തർ ദേശീയ കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.1961-ൽ അർജുന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 1965-ൽ ജമൈക്കയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1951-നും 1963-നും ഇടയിൽ തോമസ് കപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന നന്ദു നടേക്കർ 16 സിംഗിൾസ് മത്സരങ്ങളിൽ 12-ലും 16 ഡബിൾസ് മത്സരങ്ങളിൽ എട്ടിലും ജയം സ്വന്തമാക്കിയിട്ടുണ്ട്. 1959, 1961, 1963 എന്നീ വർഷങ്ങളിൽ ടൂർണമെന്റിൽ രാജ്യത്തെ നയിക്കാനും അദ്ദേഹത്തിന് സാധിച്ചു.മകൻ ഗൗരവാണ് മരണ വിവരം അറിയിച്ചത്.