വയനാട്, കാസർഗോഡ് ജില്ലകളിൽ 45ന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി

0
71

സംസ്ഥാനത്തെ വയനാട്, കാസർഗോഡ് ജില്ലകളിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ വാക്‌സിൻ നൽകാൻ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ വയനാട് ജില്ലയിൽ 2,72,333 പേർക്കും കാസർഗോഡ് ജില്ലയിൽ 3,50,648 പേർക്കുമാണ് വാക്‌സിൻ നൽകാനായിരുന്നു ലക്ഷ്യം വച്ചത്. ഇതിൽ 100 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാൻ സാധിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 45 വയസിന് മുകളിൽ പ്രായമുള്ള ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമായി ബാധിക്കുന്ന വിഭാഗമായതിനാലാണ് വാക്‌സിനേഷന്റെ മുൻഗണനാ പട്ടികയിൽ മാർച്ച് ഒന്നു മുതൽ 60 വയസിന് മുകളിലുള്ളവരേയും 45 നും 60 നും ഇടയ്ക്ക് പ്രായമുള്ള അനുബന്ധ രോഗമുള്ളവരേയും ഉൾപ്പെടുത്തിയത്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഏപ്രിൽ ഒന്നിന് ആരംഭിച്ചു. കൃത്യമായ പ്ലാനിംഗിലൂടെ ജില്ലകളുടെ പിന്തുണയോടെ ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളാണ് ലക്ഷ്യം കൈവരിക്കാൻ സാധിച്ചത്. മികച്ച പ്രവർത്തനം നടത്തി ലക്ഷ്യം കൈവരിച്ച രണ്ട് ജില്ലകളേയും മന്ത്രി അഭിനന്ദിച്ചു.

ആദിവാസികൾ കൂടുതലുള്ള മേഖലയാണ് വയനാട്. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകൾ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിൻ നൽകിവരുന്നത്. ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവർ ദൗത്യത്തിന്റെ ഭാഗമായി. വിമുഖത കാണിച്ച പലർക്കും അവബോധം നൽകിയാണ് വാക്‌സിനെടുത്തത്. വയനാട് ജില്ലയിൽ 45 വയസിന് മുകളിലുള്ള 56 ശതമാനം പേർക്ക് (1,52,273) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിന് മുകളിൽ പ്രായമുള്ള 67 ശതമാനം പേർക്ക് (4,39,435) ആദ്യ ഡോസും 28 ശതമാനം പേർക്ക് (1,85,010) രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

എൻഡോസൾഫാൻ മേഖല ഉൾപ്പെടുന്ന കാസർഗോട്ടും ലക്ഷ്യം കൈവരിച്ചത് വലിയ പ്രവർത്തനത്തിലൂടെയാണ്. കാസർഗോഡ് ജില്ലയിൽ 45 വയസിന് മുകളിലുള്ള 54 ശതമാനം പേർക്കാണ് (1,88,795) രണ്ടാം ഡോസ് നൽകിയത്. 18 വയസിന് മുകളിൽ പ്രായമുള്ള 53 ശതമാനം പേർക്ക് (5,20,271) ആദ്യ ഡോസും 23 ശതമാനം പേർക്ക് (2,30,006) രണ്ടാം ഡോസും നൽകിയിട്ടുണ്ട്.