കലാപം മൂർച്ഛിക്കും, കർണാടകത്തിൽ ബിജെപിയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ

0
77

മനോജ് വാസുദേവ്

കർണാടകത്തിൽ യെദിയൂരപ്പയുടെ പിൻഗാമിയായി ആഭ്യന്തരമന്ത്രി ബസവരാജ്‌ ബൊമ്മയെ തെരഞ്ഞെടുത്തുവെങ്കിലും ബിജെപിയിലെ കലാപം കെട്ടടങ്ങില്ല. യെദിയൂരപ്പയുടെ ഏറ്റവുമടുത്ത വിശ്വസ്തനായ ബസവരാജ്‌ ബൊമ്മയെ മുഖ്യമന്ത്രിയാക്കിയത് പിൻസീറ്റ് ഭരണത്തിന്റെ ഭാഗമായിട്ടാണെന്ന് വ്യക്തം. ബിജെപിയിൽ പലപ്പോഴും വിമതനീക്കങ്ങൾ ഉണ്ടായപ്പോൾ യെദിയൂരപ്പ ക്യാമ്പിനെ നിയന്ത്രിച്ചത് ബൊമ്മെയായിരുന്നു.

യെദിയൂരപ്പക്കെതിരായ വിമതനീക്കങ്ങൾ പൊളിക്കാൻ മുൻനിന്ന് പ്രവർത്തിച്ചതും ബസവരാജ്‌ ബൊമ്മെ തന്നെ. ഈ സാഹചര്യത്തിലാണ് താൻ സ്ഥാനമൊഴിഞ്ഞാൽ ബൊമ്മയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന കർശന ഉപാധി യെദിയൂരപ്പ മുന്നോട്ട് വെച്ചത്. ഇതിനൊപ്പം ലിംഗായത്ത് സമുദായ നേതാക്കളെ ഉപയോഗിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതേതുടർന്ന് നിൽക്കക്കള്ളിയില്ലാതെയാണ് ബസവരാജ്‌ ബൊമ്മയെ മുഖ്യമന്ത്രിയായി കേന്ദ്ര നേതൃത്വവും അംഗീകരിച്ചത്.

കര്‍ണാടക രൂപീകരണത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 മുഖ്യമന്ത്രിമാരും ലിംഗായത്ത് സമുദായത്തില്‍ നിന്നായിരുന്നു. ഇക്കുറി സമുദായത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ലിംഗയാത്ത് സന്യാസിമാരും നേതാക്കളും മുന്നറിയിപ്പും നൽകി. ഇതിനൊപ്പം യെദിയൂരപ്പയുടെ സമ്മർദ്ദം കൂടിയായതോടെ ഈ ഭീഷണിക്കു മുന്നിൽ ബിജെപി കേന്ദ്ര നേതാക്കൾ കീഴടങ്ങുകയായിരുന്നു. അതേസമയം, പുതിയ തീരുമാനം ബിജെപിയിലെ ആഭ്യന്തരകലഹം മൂർച്ഛിപ്പിക്കുമെന്ന് മാത്രമല്ല, ഒരു വിഭാഗം വിമതനീക്കം ശക്തമാക്കുകയും ചെയ്യും. ഇപ്പോഴത്തെ തീരുമാനത്തിൽ യെദിയൂരപ്പ വിരുദ്ധക്യാമ്പ് അതൃപ്തിയിലാണ്. ഖനി മന്ത്രിയും ലിംഗായത്ത് സമുദായക്കാരനുമായ മുരുഗേഷ് നിരാണി, അരവിന്ദ് ബെല്ലാഡ് എന്നിവരുടെ പേരുകളായിരുന്നു കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. കടുത്ത യെദിയൂരപ്പ വിരുദ്ധരാണ് ഇരുവരും. മാത്രമല്ല, കഴിഞ്ഞ രണ്ടു വർഷത്തിനിടെ കർണാടകത്തിൽ അരങ്ങേറിയ എല്ലാ വിമത നീക്കങ്ങൾക്കു പിന്നിലും ഇവരുടെ ചരടുവലികൾ ഉണ്ടായിരുന്നു. ഇവർക്ക് പുറമെ, മന്ത്രിമാരായ സി പി യോഗേശ്വര്‍, ബി സി പാട്ടീൽ, ബസനഗൗഡ പാട്ടീല്‍ യത്നാല്‍ എംഎല്‍എ, എ എച്ച് വിശ്വനാഥ് എംഎല്‍സി എന്നിവര്‍ യെദിയൂരപ്പക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. യെദിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവരാണ് ദേശീയ നേതൃത്വത്തിന് കത്ത് നൽകിയത്. തുടർന്നാണ് കർണാടകത്തിൽ തലമുറമാറ്റം വേണമെന്ന തീരുമാനത്തിലേക്ക് ദേശീയ നേതാക്കൾ എത്തിയത്. എന്നാൽ, പുതിയ തീരുമാനം ബിജെപിയിലെ വിമതനീക്കങ്ങൾക്ക് ശക്തി പകരാൻ വഴിയൊരുക്കുകയുള്ളുവെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ബംഗളുരു നഗരത്തിലെ ക്യാപിറ്റൽ ഹോട്ടലിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് ബസവരാജ്‌ ബൊമ്മയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഏകകണ്ഠമായിട്ടാണ് തെരഞ്ഞെടുപ്പെന്നാണ് നേതാക്കളുടെ അവകാശവാദം. എന്നാൽ അങ്ങനെയല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബസവരാജ്‌ ബൊമ്മയുടെ പേര് യെദിയൂരപ്പയാണ് നിർദ്ദേശിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി മലനാട് ഭാഗത്ത് നിന്നുള്ള നേതാക്കൾ രംഗത്തുവന്നു. ബസവരാജ്‌ ബൊമ്മയെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കാൻ പാടില്ലെന്ന കർശന ഉപാധി യെദിയൂരപ്പ മുന്നോട്ട് വെച്ചു. അതുമല്ലെങ്കിൽ മകൻ ബി വൈ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണം എന്നതായിരുന്നു ആവശ്യം. ഇക്കാര്യം നേരത്തെ തന്നെ കേന്ദ്രനേതാക്കളോട് പറയുകയും ചെയ്തിരുന്നു. ഇതിൽ കുറഞ്ഞ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന നിലപാടിൽ യെദിയൂരപ്പ ഉറച്ചുനിന്നതോടെ കേന്ദ്രനേതാക്കൾ കീഴടങ്ങുകയായിരുന്നു.

നേരത്തെ യെദിയൂരപ്പ മുഖ്യമന്ത്രിയായപ്പോൾ റെഡ്ഢി സഹോദരങ്ങളുടെയും പിന്നീട് ഐ പി യോഗേശ്വർ, ബി സി പാട്ടീൽ എന്നിവരുടെയും നേതൃത്വത്തിൽ വിമതനീക്കം സജീവമായിരുന്നു. ബിജെപി സർക്കാർ നിലം പതിക്കുമെന്ന ഘട്ടം വന്നതോടെ അമിത്ഷാ നേരിട്ട് ഇടപെട്ടാണ് പ്രശ്നം ഒതുക്കിയത്. എന്നാൽ, രണ്ടു വർഷത്തിൽ കൂടുതൽ കാലം യെദിയൂരപ്പ മുഖ്യമന്ത്രിയായി തുടർന്നാൽ ബിജെപി ഉണ്ടാകില്ലെന്ന് ഒരു വിഭാഗം ഇക്കഴിഞ്ഞ മാർച്ചിൽ ദേശീയ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്തായാലും കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ശമനമുണ്ടാകില്ലെന്ന് തന്നെയാണ് പുതിയ തീരുമാനവും തെളിയിക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ച നടപടിക്രമങ്ങളിൽ ഒരു വിഭാഗത്തിന് പ്രതിഷേധവുമുണ്ട്. 2008ലാണ് ബസവരാജ് ബൊമ്മെ
ജനതാദളില്‍ നിന്നും ബിജെപിയില്‍ ചേരുന്നത്. പതിറ്റാണ്ടുകളായി ബിജെപിയിൽ സജീവമായി നിൽക്കുന്നവരെ പരിഗണിക്കാതെ ജെഡിഎസിൽ നിന്നും വന്ന ബൊമ്മെയെ മുഖ്യമന്ത്രിയാക്കിയതിലാണ് ഒരു വിഭാഗത്തിന്റെ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് വർഷത്തിനകം നടക്കാനിരിക്കെ, വിമത നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്നതിലും നേതൃത്വത്തിന് ആശങ്കയുണ്ട്. എക്കാലവും വിമതനീക്കം ശക്തമായ കർണാടകത്തിൽ ബിജെപിയുടെ നിലനില്പിനെയും ഈ തീരുമാനവും ബാധിക്കും എന്നതും ഉറപ്പാണ്.