കോൺഗ്രസ് ജില്ലാ സെക്രട്ടറി വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിസിസി സെക്രട്ടറിയെ സംരക്ഷിച്ചത് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോ?. പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തെക്കുറിച്ച് മഹിള കോണ്‍ഗ്രസ് ജില്ല ഭാരവാഹി ഏഴ് മാസം മുമ്പുതന്നെ മുല്ലപ്പള്ളിക്ക് പരാതി നൽകിയിരുന്നുവെങ്കിലും വിഷയം കെപിസിസി നേതൃത്വം ഇടപെട്ടു ഒതുക്കുകയായിരുന്നു. ഇരയായ വനിത നേതാവ് മുല്ലപ്പള്ളിക്ക് നൽകിയ പരാതിയുടെ പകർപ്പ് “നേരറിയാന്” ലഭിച്ചു.
വയനാട് സിസി സെക്രട്ടറി ബത്തേരിക്കടുത്ത മാനിക്കുനി പാമ്പനായി വീട്ടില്‍ ആര്‍ പി ശിവദാസിനെതിരെയാണ് മഹിള കോണ്‍ഗ്രസ് ജില്ല ഭാരവാഹി പരാതി നൽകിയത്. എന്നാൽ, ഈ പരാതി മുല്ലപ്പള്ളി അടക്കമുള്ളവർ ഇടപെട്ട് മുക്കുകയായിരുന്നു. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് ആയിരിക്കെ 2020 ഡിസംബർ ഒന്നിനാണ് വനിതാ നേതാവ് രേഖാമൂലം പരാതി നൽകിയത്.
മുല്ലപ്പള്ളിക്ക് പുറമെ വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എംഎൽഎ, മുൻ പ്രസിഡന്റ് പി വി ബാലചന്ദ്രൻ എന്നിവർക്കും വനിതാ നേതാവ് പരാതിയുടെ പകർപ്പ് കൈമാറി. സംഭവം വിവാദമായതോടെ കെപിസിസി ജനറൽ സെക്രട്ടറി വി എ കരീം ബത്തേരിയിൽ വന്നു തെളിവെടുപ്പ് എന്ന പേരിൽ പ്രഹസനം കാട്ടിക്കൂട്ടി മടങ്ങി. നടപടി ഉണ്ടാകുമെന്നാണ് ഇരയോട് ഉറപ്പ് നൽകിയെങ്കിലും ആരോപണവിധേയനായ നേതാവിനെ സംരക്ഷിക്കുകയായിരുന്നു എന്നും മുല്ലപ്പള്ളിക്ക് നൽകിയ പരാതിയിൽ പറയുന്നു.
പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകേണ്ടെന്ന് കരുതിയാണ് പൊലീസിൽ പരാതി നൽകാത്തതെന്നും ഇതിലുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ അബലയായ തനിക്ക് മറിച്ചുചിന്തിക്കേണ്ടിവരുമെന്നും മുല്ലപ്പള്ളിക്കുള്ള പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ, സംഭവത്തിൽ അന്വേഷണം നടത്താനോ വനിതാ നേതാവിന് പിന്തുണ നൽകാനോ കെപിസിസി നേതൃത്വമോ മുല്ലപ്പള്ളി രാമചന്ദ്രനോ തയ്യാറായില്ല.
മുല്ലപ്പള്ളിക്ക് നൽകിയ പരാതിയിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ആര്‍ പി ശിവദാസിനെതിരെ വനിതാ നേതാവ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തെളിവുകൾ സഹിതമാണ് ആരോപണം. ഇതിൽ ഒരു സംഭവത്തിൽ പോലും ഇതുവരെ അന്വേഷണം നടത്താൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. പീഡിപ്പിക്കാൻ ശ്രമിച്ച നേതാവിനെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് വനിതാ നേതാവ് ഇപ്പോൾ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ്.
മാത്രമല്ല, ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഇവർ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നൽകിയിട്ടുണ്ട്. സംഭവം പുറത്ത് പറഞ്ഞാല്‍ വധിക്കുമെന്നും മകളെയും തന്നെയും സോഷ്യല്‍മീഡിയ വഴിയും മറ്റും മോശമായി ചിത്രീകരിച്ച് അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലുണ്ട്.
2019 ഡിസംബര്‍ 6ന് പകല്‍ 11 മണിക്കാണ് സംഭവം. ഡിസംബര്‍ 7ന് രാഹുല്‍ഗാന്ധിയുടെ ബത്തേരിയിലെ പരിപാടിയുമായി ബന്ധപ്പട്ട് സംസാരിക്കാനാണ് ആര്‍ പി ശിവദാസ് വീട്ടിലെത്തിയത്. സംഭാഷണത്തിന് ശേഷം കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ അടുക്കളയിലെത്തിയപ്പോള്‍ പുറകെ വന്ന് വട്ടമിട്ട് പിടിക്കുകയും ബലമായി നിലത്ത് പിടിച്ച് കടത്തി ബലാത്കാരത്തിന് മുതിരുകയും ചെയ്തു. കുതറി മാറി കരഞ്ഞ് കൊണ്ട് പുറത്തേക്കോടി വരാന്തയിലെത്തിയപ്പോള്‍ പുറകെ വന്നു. ഒച്ചവെക്കരുതെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന്കളയുമെന്നും മകളെയും തന്നെയും കുറിച്ച് മോശമായ രീതിയില്‍ സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തി പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തിലാക്കുമെന്നും ഭീഷണിപ്പെടുത്തി.
കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിനാലാണ് അന്ന് പൊലീസില്‍ പരാതി നല്‍കാതിരുന്നത്. എന്നാല്‍ പിന്നീട് തന്റെ മകള്‍ക്ക് വരുന്ന വിവാഹാലോചനകള്‍ എല്ലാം ശിവദാസന്‍ മുടക്കുകയാണെന്നും അതിനാലാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന വി ഡി സതീശനും പി സി വിഷ്ണുനാഥും ഒന്നും ഇതറിഞ്ഞിട്ടില്ലേ. നിസ്സഹായയായ ഒരു വനിത നേതാവിന്റെ പരാതി, അതും പീഡനശ്രമം അടക്കമുള്ള ഗുരുതരമായാ പരാതി എന്തിനാണ് മുല്ലപ്പള്ളി അടക്കമുള്ളവർ പൂഴ്ത്തിയത്. ഇതിന് മുല്ലപ്പള്ളി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മറുപടി പറഞ്ഞെ പറ്റു. വനിതാ നേതാവ് ചൂണ്ടിക്കാട്ടിയിട്ടുള്ള ആരോപണങ്ങൾ വരുദിവസങ്ങളിൽ “നേരറിയാൻ” പുറത്തുകൊണ്ടുവരും.