കൊടകര കള്ളപ്പണം ബിജെപിയുടേത് തന്നെ , പണം പത്തനംതിട്ടയിലേക്കും കടത്തി ; ധർമരാജന്റെ മൊഴി

0
87

കൊടകരയിൽ കള്ളപ്പണകവർച്ച നടന്ന ശേഷവും കുഴൽപ്പണ കടത്ത് നടന്നുവെന്ന് ധർമരാജന്റെ മൊഴി. പത്തനംതിട്ടയിലേക്കാണ് ഒരു കോടി രൂപ എത്തിച്ചത്. കൊടകരയിൽ നഷ്ടപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടേതാണെന്ന് ധർമരാജൻ വ്യക്തമാക്കുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നു.

കൊടകരയിൽ കവർച്ച നടന്ന ശേഷം പൊലീസിന് നൽകിയ മൊഴിയിലാണ് കവർച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്ന് ധർമരാജൻ പറഞ്ഞത്. എന്നാൽ ഇരിങ്ങാലക്കുട കോടതിയിൽ ധർമരാജൻ നൽകിയ ഹർജിയിൽ കവർച്ച ചെയ്യപ്പെട്ട തുക ബിസിനസ് ആവശ്യത്തിനായി മാർവാടി നൽകിയതാണെന്നായിരുന്നു പറഞ്ഞത്.

മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിരുന്നു. പൊലീസ് നൽകിയ കുറ്റപത്രത്തിലാണ് മൊഴിയുടെ വിശദാംശങ്ങൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ധർമരാജനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ ധർമരാജൻ കോന്നിയിൽ പോയി. ബി.ജെ.പി പഞ്ചായത്ത് മെമ്പർ മാർക്ക് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ നൽകാനായിരുന്നു കോന്നിയിൽ പോയത്.