മഹാരാഷ്ട്രയിൽ കനത്ത മഴ: മണ്ണിടിച്ചിലിൽ മരണം 76 , വിവിധ ജില്ലകളിൽ വെള്ളപൊക്കം

0
69

മഹാരാഷ്ട്രയിൽ കനത്ത മഴയ്ക്കിടെ മണ്ണിടിച്ചിലിൽ 76 പേർ മരിച്ചു. റായ്ഗഡ്, സത്താറ ഉൾപ്പെടെയുള്ള ജില്ലകളിലാണ് അപകടമുണ്ടായത്. റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിലാണ് 38 പേർ മരിച്ചത്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ നൂറിനു മുകളിൽ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

3 മൃതശരീരങ്ങൾ കണ്ടെത്തിയെന്നും 52 പേരെ കാണാനില്ലെന്നും മഹാരാഷ്ട്ര മന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. 32 വീടുകളാണ് പൂർണമായി തകർന്നതെന്ന് തലിയെ ഗ്രാമത്തിൽ സന്ദർശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു. പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ 27 പേർ മരിച്ചു. കിഴക്കൻ ജില്ലകളായ ഗോണ്ടിയ, ചന്ദ്രപുർ എന്നിവിടങ്ങളിലും നിരവധി പേർ മരിച്ചതായി അധികൃതർ അറിയിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരെ സൗജന്യമായി ചികിത്സിക്കും. ഗോവണ്ടിയിൽ കെട്ടിടം തകർന്നു 4 പേർ മരിച്ചിരുന്നു.

കൊങ്കണിലെ റായ്ഗഡ്, രത്‌നഗിരി, പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ, കോലാപുർ ജില്ലകളിൽ 2 ദിവസം തുടർച്ചയായി പെയ്ത അതിതീവ്രമഴയാണ് ദുരന്തകാരണം. വെള്ളപ്പൊക്കത്തിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.