കനത്ത മഴ: മഹാരാഷ്ട്രയിൽ മരണം 138 ആയി, കർണാടകത്തിലും വെള്ളപ്പൊക്ക ഭീഷണി

0
94

കനത്ത മഴയെതുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 138 ആയി. പലയിടങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്. നിരവധി പേർ മണ്ണിനും അവശിഷ്ടങ്ങൾക്കും ഇടയിൽ കുടുങ്ങിക്കിടക്കുകയാണ്.

നദികളെല്ലാം കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ജനങ്ങൾ പലായനം ചെയ്തു. കാലവർഷക്കെടുതി രൂക്ഷമായതോടെ മഹാരാഷ്ട്രയിൽ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെയ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ്, പൂനെ, സത്താര, കോലപ്പൂർ എന്നീ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ജില്ലകളിലാണ് റെഡ് അലർട്ട്.

സത്താറ, റായിഗഡ് ജില്ലകളിൽ നിന്നാണ് ഇതുവരെ കുടുതൽ മരണവും. തീരദേശജില്ലയായ റെയ്ഗഡിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ 38 പേരാണ് മരിച്ചത്. മരണം ഇനിയും കൂടുമെന്നാണ് അധികൃതർ പറയുന്നത്. നിരവധി പേർ ഇപ്പോഴും മണ്ണിലും അവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുകയാണ്.

ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം തുടരുന്നു. രത്‌നഗിരിയിലുണ്ടായ മണ്ണിടിച്ചിലിൽ 10 പേർ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. കോലപ്പൂരിൽ 11 നേപ്പാൾ സ്വദേശികളടക്കമുള്ള തൊഴിലാളികളുമായി പോയ ബസ് വെള്ളപ്പൊക്കത്തെതുടർന്ന് കുത്തൊഴുക്കിൽപ്പെട്ടു. എല്ലാവരെയും രക്ഷിച്ചതായി അധികൃതർ അറിയിച്ചു.

വെള്ളം കയറിയ പാലത്തിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പൂനെയിൽ 84,452 പേരെയാണ് മാറ്റിതാമസിപ്പിച്ചത്. കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോക്ക് തുടരുകയാണ്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് വീണ്ടും ദേശീയ കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കർണാടകത്തിലും അതിശക്തമായ മഴ തുടരുകയാണ്. മടിക്കേരി, ചിക്കമംഗലൂരു, ദക്ഷിണകന്നട, ഉത്തരകണ്ണട എന്നിവിടങ്ങളിലാണ് ദുരിതം ഏറെയും. മിക്ക നദികളും അപകടരേഖയ്ക്കും മുകളിലാണ് ഒഴുകുന്നത്.
കർണാടകയിലെ മിക്ക നദികളുടേയും ജലനിരപ്പ് ഉയർന്നു. കാവേരി, ഹേമാവതി, നേത്രാവതി, ഭീമ നദികൾ കരകവിഞ്ഞാണ് ഒഴുക്കുന്നത്.

പ്രളയ സാധ്യത ഒഴിവാക്കാൻ ഉത്തര കന്നടയിലെ ഡാമുകളുടെ ഷട്ടറുകൾ തുറന്നത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണമായി. അതിതീവ്ര മഴ പെയ്യുന്ന മൈസൂരു, കുടക്, ഹസ്സൻ, ചിക്കമംഗലൂരു ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും മഴ കനത്ത നാശം വിതച്ചു. ചിക്കമംഗലൂരു, മടിക്കേരി ജില്ലകളിൽ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.