മുഖം മാറാൻ ആലപ്പുഴ, 1.76 കോടി രൂപയുടെ പദ്ധതികൾ മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

0
88

ആലപ്പുഴ ജനറൽ ആശുപത്രിയിലെ നവീകരിച്ച ഒ.പി. ബ്ലോക്ക്, രജിസ്‌ട്രേഷൻ കൗണ്ടർ, കാത്തിരുപ്പ് കേന്ദ്രം, ശുചിമുറികൾ എന്നിവയും നവീകരിച്ച കടമ്പൂർ, പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (2021ജൂലൈ 24) നാടിനു സമർപ്പിക്കും. 1.76 കോടി രൂപയുടെ പദ്ധതികളാണ് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുക. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അധ്യക്ഷയാകും.

ഫിഷറീസ്-സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ, എം.പി.മാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, ദലീമ ജോജോ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ജില്ല കളക്ടർ എ. അലക്‌സാണ്ടർ, നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. പുഷ്പത, ധന്യ സന്തോഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

ആർദ്രം പദ്ധതിയിൽപ്പെടുത്തി 1.25 കോടി രൂപ ചെലവിലാണ് ജനറൽ ആശുപത്രിയിലെ പഴയ ഒ.പി. ബ്ലോക്ക് നവീകരിക്കുകയും ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടറും കാത്തിരുപ്പു കേന്ദ്രവും പുതിയ ശുചിമുറികളും നിർമിക്കുകയും ചെയ്തത്. എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് ആയിരുന്നു പദ്ധതി നിർവഹണ ഏജൻസി.
27.10 ലക്ഷം രൂപ ചെലവഴിച്ചാണ് ബുധനൂർ പഞ്ചായത്തിലെ കടമ്പൂർ കുടുംബാരോഗ്യകേന്ദ്രം നവീകരിച്ചത്.

ഒ.പി. ബ്ലോക്ക്, ഫാർമസി, ലാബ്, ഇമ്മ്യൂണൈസേഷൻ മുറി, വിശ്രമിക്കൽ, നഴ്‌സിങ് മുറികൾ എന്നിവ നവീകരിച്ചു. ഒ.പി. ബ്ലോക്കിനും ഫാർമസിക്കും പുതിയ കാത്തിരിപ്പ് സംവിധാനവും ഓഫീസ് മുറിയും പബ്ലിക് ഹെൽത്ത് റൂമും സജ്ജീകരിച്ചു. ജില്ല നിർമിതി കേന്ദ്രമായിരുന്നു നിർവഹണ ഏജൻസി.

23.96 ലക്ഷം രൂപ ചെലവഴിച്ചാണ് പാണാവള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരണം സാധ്യമാക്കിയത്. ഒ.പി. ബ്ലോക്ക്, ഫാർമസി, ലാബ്, ഇമ്മ്യൂണൈസേഷൻ മുറി, ഓഫീസ്, ഒബ്‌സെർവേഷൻ, നഴ്‌സസ് മുറികൾ എന്നിവ നവീകരിച്ചു. ഒ.പി. ബ്ലോക്ക് പുതിയ കാത്തിരുപ്പ് സംവിധാനവും ഒരുക്കി. കെൽ ആയിരുന്നു നിർവഹണ ഏജൻസി.