Wednesday
17 December 2025
26.8 C
Kerala
HomeKeralaഉശിരുള്ള ഉമ്മയുടെ കരുത്തയായ മകൾ, അതിർത്തി കാക്കുന്ന ജസീലയ്ക്ക് അടുത്ത ലക്‌ഷ്യം കമാൻഡോ

ഉശിരുള്ള ഉമ്മയുടെ കരുത്തയായ മകൾ, അതിർത്തി കാക്കുന്ന ജസീലയ്ക്ക് അടുത്ത ലക്‌ഷ്യം കമാൻഡോ

ജീവിതത്തിനോടും, പ്രതിസന്ധികളോടും മറിയം പോരാടിയത് ഒറ്റയ്ക്കാണ്. മകൾ ജസീലയെ പഠിപ്പിച്ചതും, ഉദ്യോഗസ്ഥയാക്കണമെന്നും അവർ സ്വപ്നം കണ്ടു. മകൾ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന കാസർകോടുകാരിയായ ആദ്യ സൈനിക പെൺകുട്ടിയായി മാറിയത് ഈ ഉമ്മ ഇന്ന് അഭിമാനത്തോടെ നോക്കികാണുകയാണ്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ 3 വർഷമായി അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) അംഗമാണു നീലേശ്വരം ചായ്യോത്തെ ടി ജസീല.

മരം വ്യാപാരിയായ ഭർത്താവിനോടൊപ്പം 30 വർഷം മുൻപു കാലിച്ചാനടുക്കം വളാപ്പാടിയിൽ സ്ഥലം വാങ്ങി വീടു വച്ചു താമസം തുടങ്ങിയതാണു മറിയം. ഇതിനിടെ ഭർത്താവിനെ നഷ്ടമായതോടെ തന്റെയും 2 മക്കളുടെയും ജീവിതം ഇരുളടഞ്ഞതാവുമോ എന്ന ഭയമായി ഈ ഉമ്മയ്ക്ക്. പക്ഷേ കൂലിപ്പണിയും വീട്ടുജോലിയും ചെയ്ത് ഉമ്മയും മക്കളും ജീവിതം തിരികെപ്പിടിച്ചു. മക്കളായ സബീനയും ജസീലയും പ്രതിസന്ധികളിൽ കരുത്തായി മറിയത്തോടൊപ്പം നിന്നു. മൂത്തമകളുടെ വിവാഹത്തിനായി വീടും സ്ഥലവും വിൽക്കേണ്ടി വന്നു. പിന്നെ വാടക വീട്ടിലായി ജീവിതം.

സാമ്പത്തിക സ്ഥിതി മോശമായതിനാൽ ബിഎ സോഷ്യോളജിയിൽ ആദ്യ ഒന്നര വർഷത്തിനു ശേഷം ജസീല പഠനം ഉപേക്ഷിച്ചു സ്വകാര്യസ്ഥാപനങ്ങളിൽ ജോലിക്കു കയറി. തയ്യൽക്കട, കംപ്യൂട്ടർ സ്ഥാപനം, സ്റ്റുഡിയോ, ധനകാര്യ സ്ഥാപനം തുടങ്ങിയ ഇടങ്ങളിലായിരുന്നു ജോലി. അടുത്ത സുഹൃത്ത് ശ്രുതി ജയൻ 2015ൽ ഓൺലൈനിൽ നൽകിയ അപേക്ഷയാണു ജസീലയെ ബിഎസ്എഫിലെത്തിച്ചത്. തൃശൂരിലായിരുന്നു കായികക്ഷമതാ പരീക്ഷ. എഴുത്തു പരീക്ഷയിൽ 6–ാം റാങ്ക്. പരിശീലനം കഴിഞ്ഞു പഞ്ചാബിലായിരുന്നു പാസിങ് ഔട്ട് പരേഡ്. 2017ൽ‌ ബംഗ്ലാദേശ് അതിർത്തിയിലാണു ജസീലയ്ക്ക് ആദ്യ സൈനിക നിയമനം കിട്ടിയത്. അതിർത്തിയിൽ കാവൽ നിൽക്കുന്നതിനിടെ ഇന്ത്യയുടെ കമ്പിവേലിക്കിടയിലൂടെ ബംഗ്ലാദേശിലേക്കു നുഴഞ്ഞു പോകാൻ ശ്രമിച്ച സ്ത്രീയെ ആദ്യ മാസത്തിൽ തന്നെ സാഹസികമായി പിന്തുടർന്നു പിടികൂടിയതിനു നേടിയ റിവാർഡ് കന്നിക്കാരിക്കുള്ള അംഗീകാരമായി.

സേനയിലുള്ളതു പോലെയുള്ള സുരക്ഷിതത്വവും കരുതലും മറ്റെവിടെയും പെൺകുട്ടികൾക്കു ലഭിക്കില്ലെന്നു ജസീല പറയുന്നു. കമാൻഡോ ആവുകയാണ് അടുത്ത ലക്ഷ്യം. ജാർഖണ്ഡിലെ ഹസാരി ബാഗിലാണു കമാൻഡോ പരിശീലനം. കോവിഡ് കാലമായതിനാൽ അത് നീട്ടിവച്ചു. നാഷനൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലെത്താനുള്ള ആഗ്രഹമാണു ജസീലയ്ക്ക്. ജീവിതത്തിൽ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു പടിപടിയായി ഇനിയും മുന്നേറാനുള്ള മകളുടെ മോഹം സഫലമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് മറിയം.

RELATED ARTICLES

Most Popular

Recent Comments