ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 26 മുതൽ

0
63

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ 26 ന് ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്. സംസ്ഥാനത്താകെ 26,300 പേർ പരീക്ഷയെഴുതും. ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ 12,423 പഠിതാക്കളും രണ്ടാം വർഷത്തിൽ 13,877പഠിതാക്കളുമാണ് പരീക്ഷയെഴുതുന്നത്.ഇതിൽ ട്രാൻസ്ജൻഡർ വിഭാഗത്തിലെ 43 പേരും 16,568സ്ത്രീകളും 9, 689പുരുഷൻമാരും ഉൾപ്പെടും.

ഹയർ സെക്കൻഡറി വകുപ്പിനാണ് പരീക്ഷാ ചുമതല. പരീക്ഷാ നടത്തിപ്പിനായി 169 സെൻ്ററുകളാണ് ഹയർ സെക്കൻഡറി വകുപ്പ് സജ്ജമാക്കിയിട്ടുള്ളത്. കൊമേഴ്സ് ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യതാ പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷകൾ നടക്കുക. ജൂലൈ 31 ന് പരീക്ഷ സമാപിക്കും.സാക്ഷരതാ മിഷൻ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതികളായ സമ, അക്ഷരശ്രീ പഠിതാക്കളും ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വരിൽ ഉൾപ്പെടും.

കന്നഡ ഭാഷയിൽ പരീക്ഷയെഴുതുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷത്തിലെ 134 പഠിതാക്കളും രണ്ടാം വർഷത്തിലെ 234 പഠിതാക്കളുമുണ്ട്. എസ്.സി വിഭാഗത്തിൽ നിന്ന് 3,955പേരും എസ്. ടി വിഭാഗത്തിൽ നിന്ന് 460 പേരും ഭിന്നശേഷിക്കാരായ 47പേരും പരീക്ഷയെഴുതും. പത്തനംതിട്ട ജില്ലയിലെ പഠന വീട്ടിൽ താമസിച്ച് പഠിച്ചാണ് ട്രാൻസ് ജൻഡർ വിഭാഗത്തിലെ 9 പേർ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. കൊവിഡ് വ്യാപനത്തിലൂടെ സമ്പർക്ക പഠന ക്ലാസുകൾ മുടങ്ങിയ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളിലൂടെയാണ് പഠിതാക്കൾ പഠനം നടത്തിയിരുന്നത്.

സാക്ഷരതാ മിഷൻ്റെ യൂട്യൂബ് ചാനലായ ‘അക്ഷര’ത്തിലൂടെ അധ്യാപകരുടെ ക്ലാസുകൾ പഠിതാക്കളിലേക്ക് എത്തിച്ചു. പഠിതാക്കളുടെ വാട്സപ്പ് കൂട്ടായ്മയിലൂടെ ക്ലാസുകൾ നൽകിയും സാക്ഷരതാ മിഷൻ്റെ മാസികയായ അക്ഷരകൈരളിയിലൂടെ മാതൃകാചോദ്യപേപ്പർ നൽകിയും പഠനം സുഗമമാക്കുന്നതിനുള്ള സാഹചര്യം സാക്ഷരതാ മിഷൻ ഒരുക്കി.ഹയർ സെക്കൻഡറി പരീക്ഷയെ തുടർന്ന് പത്താംതരം തുല്യതാ പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകളും സാക്ഷരതാ മിഷൻ നടത്തി വരികയാണ്.