ബിജെപി കുഴൽപ്പണ കവർച്ചാക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

0
89

ബിജെപി കുഴൽപ്പണ കവർച്ചാക്കേസിൽ പ്രത്യേക അന്വേഷക സംഘം വെള്ളിയാഴ്‌ച കുറ്റപത്രം നൽകും. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്‌ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കുഴൽപ്പണ ഇടപാടിലും തെളിവുനശിപ്പിക്കലിലും ബിജെപി നേതാക്കളുടെ പങ്ക്‌ കുറ്റപത്രത്തിൽ വ്യക്തമാക്കുമെന്നാണ്‌ സൂചന.

കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനടക്കം ഇരുപതോളം നേതാക്കളെ ചോദ്യം ചെയ്‌തിരുന്നു. ഏപ്രിൽ മൂന്നിന് പുലർച്ചെ 4.40-ന് കൊടകരയിൽ കാറപകടമുണ്ടാക്കി മൂന്നരക്കോടി കവർന്നുവെന്നാണ്‌ കേസ്‌. പിന്നീടുള്ള അന്വേഷണത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇറക്കിയ പണമാണിതെന്ന്‌ കണ്ടെത്തി.

ഏപ്രിൽ 25നാണ്‌ പ്രധാന ഏഴ്‌ പ്രതികൾ അറസ്‌റ്റിലായത്‌. അറസ്‌റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക്‌ ജാമ്യം ലഭിക്കും.കുഴൽപ്പണ ഇടപാടുകാരനായ ധർമരാജൻ കവർച്ച നടന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രനുൾപ്പെടെ ഉന്നത ബിജെപി നേതാക്കളെ ഫോണിൽ വിളിച്ചിട്ടുണ്ട്‌.

സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷ്‌ എന്നിവരുടെ നിർദേശപ്രകാരം ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്‌ക്ക്‌ കൈമാറാനുള്ള പണമാണിതെന്നും അന്വേഷകസംഘം കണ്ടെത്തി.