വിഴിഞ്ഞം കടൽതീരത്ത് നീലത്തിമിംഗിലത്തിന്റെ സാന്നിധ്യം

0
77

കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം വിഴിഞ്ഞത്തിനടുത്ത് ഗവേഷകർ റെക്കോഡ് ചെയ്തതോടെ കേരളത്തിന്റെ തീരക്കടലിലും നീലത്തിമിംഗിലങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു.

188 ഡെസിബൽസ് ശബ്ദമാണ് നീലത്തിമിംഗിലങ്ങൾ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റർ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയും. 80-90 വർഷമാണ് ആയുർദൈർഘ്യം. മണിക്കൂറിൽ എട്ടു കിലോമീറ്റർ ആണ് സഞ്ചാര വേഗം.

ലോകത്തെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗിലങ്ങൾ. 24-30 മീറ്റർ നീളവും 200 ടൺ (ഏകദേശം 33 ആനകളുടെ ഭാരം) ഭാരവുമുണ്ട് ഇവയ്ക്ക്. നീലകലർന്ന ചാരനിറം, പ്രതിദിനം നാലുടണ്ണിലധികം ഭക്ഷണം നീലത്തിമിംഗിലങ്ങൾ കഴിക്കും.

മൂന്ന് ഉപവിഭാഗങ്ങളാണ് നീലത്തിമിംഗിലങ്ങളിൽ ഉള്ളത്. വടക്കൻ അത്‌ലാന്റിക് സമുദ്രത്തിലും വടക്കൻ ശാന്തസമുദ്രത്തിലും കാണുന്ന ബി.എം. മസ്‌കുലസ്, ദക്ഷിണസമുദ്രത്തിൽ കാണുന്ന ബി.എം. ഇന്റർമീഡിയ, ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന കുള്ളൻ നീലത്തിമിംഗിലം എന്നിവയാണ് അവ.

ഇന്ത്യൻ തീരക്കടലിനടുത്ത് തിമിംഗിലങ്ങളുണ്ടോ എന്നറിയാൻ അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. പഠനത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് അമ്പതു മീറ്റർ മാറി കടലിൽ, മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇവയിൽ നിന്നാണ് നീലത്തിമിംഗിലത്തിന്റെ ശബ്ദം കിട്ടിയെന്ന് മനസ്സിലായത്.

കേരളത്തിന്റെ തീരക്കടൽ വഴി ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണ് ഗവേഷകർ റെക്കോഡ് ചെയ്തത്. ഈ ശബ്ദം അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകർ. ഇതിൽനിന്ന് വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗിലങ്ങൾ പോയിട്ടുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്.