ജമ്മു കശ്‌മീരിൽ വ്യാജ ഭീകരാക്രമണം സൃഷ്‌ടിച്ച രണ്ട് ബിജെപി നേതാക്കൾ റിമാൻഡിൽ. നേതാക്കളുടെ രണ്ട് സുരക്ഷാ ഭടന്മാരെയും അറസ്‌റ്റുചെയ്‌തു.
ബിജെപിക്കാരായ ഇഷ്ഫാക്ക് മിർ, ബഷാരത്ത് അഹ്മദ് എന്നിവരും ഇവരുടെ സുരക്ഷയ്‌ക്ക് നിയോഗിച്ചവരുമാണ് അറസ്‌റ്റിലായത്. കേന്ദ്രസർക്കാരിൽനിന്ന് കൂടുതൽ സുരക്ഷ ലഭിക്കാൻ ഇവർ വ്യാജ ആക്രമണം സൃഷ്‌ടിക്കുകയായിരുന്നു. കുപ്‌വാര ജില്ലയിൽ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം.
ബിജെപി ജില്ലാ പ്രസിഡന്റായ മൊഹമ്മദ് ഷാഫി മിറിന്റെ മകനാണ് ഇഷ്ഫാക്ക് മിർ. മിറിന്റെ കൈക്ക് വെടികൊണ്ട് പരിക്കേറ്റിരുന്നു. അന്വേഷണത്തിൽ സുരക്ഷാ അംഗത്തിന്റെ തോക്കിൽനിന്ന് വെടിയേറ്റതാണെന്ന് കണ്ടെത്തി.
ഭീകരർ ആക്രമിച്ചെന്ന് തങ്ങൾ പ്രചരിപ്പിക്കുകയായിരുന്നെന്ന് ബിജെപി നേതാക്കൾ പൊലീസിനോട് സമ്മതിച്ചു. കുപ്‌വാര കോടതി നാലുപേരെയും ഒരാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു. ജില്ലാ പ്രസിഡന്റിനെ ബിജെപി സസ്‌പെൻഡ് ചെയ്‌തു.