പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22ന്‌ ആരംഭിക്കും : സ്‌പീക്കർ

0
78

 

 

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22ന്‌ ആരംഭിക്കുമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

21-ന്‌ ആരംഭിക്കുവാൻ നേരത്തെ നിശ്ചയിച്ചിരുന്ന ഈ സമ്മേളനം ബലി പെരുന്നാൾ ആഘോഷം 21-ലേക്‌ മാറിയ സാഹചര്യത്തിലാണ് 22 മുതൽ ചേരാൻ തീരുമാനിച്ചത്.

20 ദിവസം സമ്മേളിക്കുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിൽ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ആ ദിനങ്ങളിൽ അംഗങ്ങൾ നോട്ടീസ് നൽകിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കുന്നതാണ്.എല്ലാ നടപടികളും പൂർത്തീകരിച്ച് ആഗസ്റ്റ് 18-ാം തീയതി പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

2021‐22 വർഷത്തെ ബഡ്ജറ്റിലെ ധനാഭ്യർത്ഥനകളിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടർന്ന് സഭയിൽ സമർപ്പിക്കുന്ന റിപ്പോർട്ടുകളിലുള്ള ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും ഈ സമ്മേളനത്തിൽ നടക്കുക.

2021‐22 വർഷത്തേക്കുള്ള ഉപധനാഭ്യർത്ഥകളുടെ ചർച്ചയ്ക്കും ബഡ്ജറ്റിലെ ധനാഭ്യർത്ഥനകളിലുള്ള ധനവിനിയോഗ ബില്ലിൻറെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങൾ മാറ്റിവച്ചിട്ടുണ്ട്. 2021-ലെ കേരള ധനകാര്യബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയം കൂടി ഈ സമ്മേളന കാലത്ത് കണ്ടെത്തേണ്ടതുണ്ട്.

സമ്മേളന കാലത്തുള്ള ഒരു ദിവസം, നിയമസഭാ നടപടികൾ റിപ്പോർട്ടു ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്.മുൻ സമ്മേളനങ്ങളിൽ സ്വീകരിച്ചിരുന്നതുപോലെ സമ്പൂർണ്ണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണയും സമ്മേളന നടപടികൾ നടക്കുന്നത്.

കോവിഡ് വാക്സിനേഷൻറെ രണ്ട് ഡോസുകളും പൂർത്തീകരിക്കുവാൻ കഴിയാത്ത അംഗങ്ങൾക്കുവേണ്ടി അതിനായുള്ള സൗകര്യം ഒരുക്കുന്നതാണ്. അതുപോലെ ആൻറിജൻ/ ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യവും സമ്മേളനത്തോട നുബന്ധിച്ച് ഒരുക്കുന്നതാണെന്നും സ്‌പീക്കർ അറിയിച്ചു