ഇന്ത്യൻ പ്രമുഖരുടെ ഫോൺ ചോർത്തി ഇസ്രയേൽ പെഗാസെസ്, കേന്ദ്രസർക്കാർ പ്രതിക്കൂട്ടിൽ

0
94

 

രാജ്യത്തെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയറായ പെഗാസെസ് ഉപയോഗിച്ചാണ് ഫോൺ വിവരങ്ങൾ ചോർത്തിയതെന്നാണ് വിവരം. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

ദ വയർ, വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ വെബ്‌സൈറ്റുകളാണ് ഫോൺ ചോർത്തലിനെ സംബന്ധിച്ച കൂടുതൽ വിരങ്ങൾ പുറത്ത് വിട്ടത്. ഫോൺ ചോർത്തപ്പെട്ടവരുടെ കൂട്ടത്തിൽ രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളുമുണ്ടെന്നാണ് സൂചന.

സുപ്രിംകോടതി ജഡ്ജിയുടേയും നാൽപതിലേറെ മാധ്യമപ്രവർത്തകരുടേയും ഫോൺ വിവരങ്ങൾ ചോർത്തി. സംഭവത്തിൽ ആഭ്യന്തരമന്ത്രാലയം വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം നാളെയുണ്ടാകും.

ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിന്റെ ഏറ്റവും വലിയ പ്രത്യേകത.

സർക്കാർ ഏജൻസികൾക്കുമാത്രമാണ് പെ​ഗാസസ് സേവനം നൽകുന്നത്‌. മോഡി–- അമിത്‌ ഷാ കൂട്ടുകെട്ടിന്‌ താൽപ്പര്യമില്ലാത്തവരാണ്‌ ചോർത്തലിന്‌ വിധേയരായത്‌. ഇതോടെ, കേന്ദ്രസർക്കാർ പ്രതിക്കൂട്ടിലായി.

ചോർന്ന പട്ടികയിൽ പേരുണ്ടായിരുന്ന മാധ്യമപ്രവർത്തകർ, ആക്‌ടിവിസ്റ്റുകൾ, രാഷ്‌ട്രീയനേതാക്കൾ അടക്കമുള്ള 67 പേരുടെ ഫോണാണ്‌ പരിശോധിച്ചത്‌. ആംനെസ്റ്റി ഇന്റർനാഷണലിന്റെ സുരക്ഷാ ലാബിലായിരുന്നു ചാരസോഫ്‌റ്റ്‌വെയർ സംബന്ധിച്ച സൂചന ഫോണിൽ നിന്ന്‌ കിട്ടുമോയെന്ന പരിശോധന. ഇന്ത്യയടക്കം 10 രാജ്യങ്ങളിലായി ആയിരത്തിലേറെ ഫോൺ ചോർത്തപ്പെട്ടു.

പെ​ഗാസസ് ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട വാർത്തകൾ ഉടൻ പുറത്തുവരുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. അതേസമയം‌, ചോർത്തൽ ആരോപണം കേന്ദ്രസർക്കാർ നിഷേധിച്ചു. പെഗാസസ്‌ സോഫ്‌റ്റ്‌വെയർ വാങ്ങിയോ എന്നത് കേന്ദ്രം‌ വ്യക്തമാക്കിയില്ല.

‌അന്തർദേശീയ മാധ്യമങ്ങളായ സിഎൻഎൻ, റോയിട്ടേഴ്സ്, ഇക്കണോമിസ്റ്റ്‌, ന്യൂയോർക്ക്‌ ടൈംസ്‌ തുടങ്ങിയവയിലെ മാധ്യമപ്രവർത്തകരെയും ചോർത്തി.

23 ഫോണിൽ ചാര സോഫ്‌റ്റ്‌വെയറിന്റെ ശേഷിപ്പ്‌ കണ്ടെത്തി. 14 ഫോണിൽ കടന്നുകൂടാൻ ശ്രമിച്ചതായും വ്യക്തമായി. ചിലർ ഫോൺ മാറ്റിയത്‌ ഉൾപ്പെടെയുള്ള കാരണങ്ങളാൽ 30 എണ്ണത്തിൽ കൃത്യഫലം കിട്ടിയില്ല.

പരിശോധിച്ച 15 ആൻഡ്രോയിഡ്‌ ഫോണിൽ ചാര സോഫ്‌റ്റ്‌വെയർ കണ്ടെത്തിയില്ല. ആൻഡ്രോയിഡ്‌ ഇത്തരം വിവരം സൂക്ഷിക്കാത്തതാണ്‌ കാരണം. ഹിന്ദു റിപ്പോർട്ടർ വിജൈത സിങ്ങിന്റെ ഉൾപ്പെടെ മൂന്ന്‌ ആൻഡ്രോയിഡ്‌ ഫോണിനെ പെഗാസാസ്‌ ലക്ഷ്യമിട്ടതായും കണ്ടെത്തി.