Wednesday
17 December 2025
26.8 C
Kerala
HomeWorldഇന്ത്യ ഉൾപ്പെടെ ഒൻപത് രാജ്യക്കാർക്ക് പ്രവേശന വിലക്ക് തുടരും: സൗദി

ഇന്ത്യ ഉൾപ്പെടെ ഒൻപത് രാജ്യക്കാർക്ക് പ്രവേശന വിലക്ക് തുടരും: സൗദി

 

ഇന്ത്യ ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്‌സ് (ജവാസാത്ത്) വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറൻന്റൈനിൽ കഴിഞ്ഞാൽ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും ജവാസാത്ത് അറിയിച്ചു.

ഇന്ത്യക്കു പുറമേ പാകിസ്താൻ, ഇന്തോനീഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ലബനാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശന വിലക്ക് തുടരുക. 14 ദിവത്തിനിടയിൽ ഈ രാജ്യങ്ങൾ വഴി കടന്നുപോയവർക്കും വിലക്ക് ബാധകമാവും. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരൻമാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും യാത്രാ വിലക്ക് ബാധകമല്ല.

2021 ഫെബ്രുവരിയിലാണ് ഇന്ത്യ ഉൾപ്പെടെ 20 രാജ്യക്കാർക്ക് സൗദി യാത്രാവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് മെയ് 29ന് ഇതിൽ 11 രാജ്യക്കാർക്ക് യാത്രാനുമതി നൽകിയെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള ഒൻപത് രാജ്യങ്ങൾക്ക് വിലക്ക് തുടരുകയായിരുന്നു. യുഎഇ, ജർമനി, യുഎസ്, അയർലന്റ്, ഇറ്റലി, പോർച്ചുഗൽ, ബ്രിട്ടൻ, സ്വീഡൻ, സ്വിറ്റ്‌സർലന്റ്, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യക്കാരുടെ യാത്രാവിലക്ക് നീക്കിയത്.

പൂർണമായി വാക്സിൻ എടുത്ത വിദേശികൾക്ക് രാജ്യത്ത് ക്വാറന്റൈൻ ഇളവ് നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചു. ഈ പശ്ചാത്തലത്തിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചെയ്തതു പോലെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ എടുത്തവർക്ക് ക്വാറന്റൈൻ നിബന്ധനയോടെ സൗദിയിലും യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ.

എന്നാൽ ജവാസാത്തിന്റെ പുതിയ പ്രഖ്യാപനത്തോടെ ആ പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ എടുക്കാത്ത യാത്രക്കാർക്ക് ക്വാറന്റൈനോടെ സൗദി യാത്രാനുമതി നൽകുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments