ആരോഗ്യ മേഖലയ്ക്ക് പുതിയൊരു പൊൻതൂവൽ, രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം കൊണ്ടോട്ടിയിൽ

0
65

 

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയൊരു പൊൻതൂവൽകൂടി.രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം കൊണ്ടോട്ടിയിൽ സജ്ജം. അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.

10 കോടി രൂപ ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടെ വിപി എസ് റീ ബിൽഡ് കേരളയാണ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം പുനർനിർമിച്ചിട്ടുള്ളത്. 2018ലെ പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നപ്പോൾ സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങളാണ് വാഴക്കാട് കുടുംബരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. കോവിഡ് 19 ന്റ് പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂണിറ്റും പ്രവർത്തന സജ്ജമാണ്.

ഫാർമസി, പേഷ്യന്റ് വെയിറ്റിങ് ഏരിയ, ക്ലിനിക്കുകൾ, പ്രീ – ചെക്കപ്പ് റൂമുകൾ, വിഷൻ സെന്റർ, ഗർഭിണികൾക്കുള്ള ഔട്ട് പേഷ്യന്റ് സൗകര്യം, എമർജൻസി റൂം, കഫ്റ്റീരിയ, കുട്ടികൾക്കുള്ള കളിസ്ഥലം, പ്രായമായവർക്കായി പ്രത്യേക കാത്തിരിപ്പ് മേഖല, ഔട്ട് പേഷ്യന്റ് മുറികൾ, പ്രീ – ചെക്കപ്പ് റൂമുകൾ, ഡെന്റൽ ക്ലിനിക്, മിനി ഓപ്പറേഷൻ തിയേറ്റർ, നഴ്‌സ് സ്റ്റേഷൻ, ലബോറട്ടറി, സാമ്പിൾ കളക്ഷൻ ഏരിയ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നിരീക്ഷണ മുറികൾ, കോൺഫൻസ് ഹാൾ, സെർവർ റൂം, പാലിയേറ്റീവ് കെയർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, വാക്സിനേഷൻ സെന്റർ, മെഡിസിൻ സ്റ്റോർ, വാക് സിൻ സ്റ്റോർ, മാതൃ-ശിശു മുറി പരിചരണം തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പു മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, സ്പോർട്സ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ, എം എൽ.എ മാർ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.