ഫോൺ ചോർത്തപ്പെട്ട മാധ്യമപ്രവർത്തകരുടെ പട്ടികയിൽ അമിത് ഷായുടെ മകൻ ജയ് ഷായ്‌ക്കെതിരെ വാർത്ത നൽകിയ മാധ്യമത്തിലെ മാധ്യമപ്രവർത്തകരുടെ എണ്ണം കൂടുതൽ. കേന്ദ്രസര്‍ക്കാരിന്റെ നിരന്തര വിമര്‍ശകരും മാധ്യമപ്രവര്‍ത്തകരുമായ രോഹിണി സിംഗിന്റേയും ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശിശിര്‍ ഗുപ്തയുടേയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി.
ദി വയറിന് വേണ്ടി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയാണ് രോഹിണി സിംഗ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വര്‍ധനവിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് രോഹിണിയായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിലെ സുശാന്ത് സിംഗും ലിസ്റ്റിലുണ്ട്. റഫാല്‍ കരാര്‍ സംബന്ധിച്ച് 2018 ല്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് സുശാന്ത്.
മാധ്യമപ്രവര്‍ത്തകരുടേത് കൂടാതെ രണ്ട് കേന്ദ്രമന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിയുടെ ഫോണും ചോര്‍ത്തിയിട്ടുണ്ട്.നേരത്തെയും ഇത്തരം ചോർത്തൽ നടന്നിരുന്നു 2019 ൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ 1400 പേരുടെ ഫോൺ വിവരങ്ങൾ പെഗാസസ് ഉപയോഗിച്ചു ചോർത്തിയെന്ന വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോർത്തപ്പെട്ടെന്ന് കോൺഗ്രസ് ആരോപണമുയർത്തി. അഭിഭാഷകൻ നിഹാർ സിങ് റാത്തോഡ്, മനുഷ്യാവകാശ പ്രവർത്തക ബെല്ലാ ഭാട്യ, മാധ്യമപ്രവർത്തകൻ സിദ്ധാന്ത് സിബൽ തുടങ്ങിയവരുടെ വിവരങ്ങൾ ചോർത്തിയെന്നും ആക്ഷേപമുയർന്നു.
അന്ന് വാട്സാപ്പ്, പെഗാസസ് ഉപായയോഗിച്ചിരുന്നു എന്ന് കേന്ദ്ര സർക്കാരിന് തെളിവ് സഹിതം മറുപടി നൽകിയിരുന്നു. എന്നിട്ടും വിഷയത്തെ ഗൗരവകരമായി കാണുകയോ ഇത് സംബന്ധിച്ച് മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.