ശിഖർ ധവാന്റെ നേതൃത്വത്തിൽ ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

0
18

 

 

കൊളംബോയിൽ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം.ആർ പ്രേമദാസ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുന്നത്. ശിഖർ ധവാന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ രണ്ടാം നിരയാണ് ശ്രീലങ്കയിൽ എത്തിയിരിക്കുന്നത്. ആകെ 20 താരങ്ങളിൽ 10 പേരും പുതുമുഖങ്ങളാണ്.

വിരാട് കോലിയും രോഹിത് ശർമ്മയും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന ഇന്ത്യൻ സീനിയർ ടീം ഇംഗ്ലണ്ടിലായതോടെയാണ് ശിഖർ ധവാൻ നയിക്കുന്ന യുവനിരക്ക് ശ്രീലങ്കയിൽ എത്തിയത്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള യുവതാരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്.

ദേശീയ ടീം ക്യാപ്റ്റൻ എന്ന ചുമതല ആദ്യമായാണ് ഓപ്പണർ ശിഖർ ധവാനു ലഭിക്കുന്നത്. പുതുമുഖം ദേവ്ദത്തിനു പകരം പൃഥ്വി ഷാ ധവാനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌തേക്കും.

ഈ മാസം 13നാണ് മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കൻ സ്‌ക്വാഡിൽ കൊവിഡ് പടർന്നതിനെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. 20,23 തീയതികളിൽ ഏകദിന പരമ്പരയിലെ അടുത്ത മത്സരങ്ങളും നടക്കും. ടി20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.