മില്‍മ – കെ എസ് ആര്‍ ടി സി ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്തു

0
82

മലബാർ മിൽമയുടെ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഒരുകുടക്കീഴിൽ ന്യായമായ വിലയിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ മിൽമ മലബാർ മേഖലാ യൂണിയനും കെഎസ്ആർടിസിയും സംയുക്തമായി ആവിഷ്കരിക്കുന്ന ഫുഡ് ട്രക്ക് പദ്ധതി കണ്ണൂരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാതൃകാപരവും ഏറെ സാധ്യതയുള്ളതുമായ നവീനമായ സംരംഭമാണിത്.

കെഎസ്ആർടിസി ബസുകൾ മിൽമയ്ക്ക് നൽകുകയും അവ നവീകരിച്ച കെഎസ്ആർടിസി ഡിപ്പോകളിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ട്രക്കിലൂടെ മിൽമയുടെ എല്ലാ ഉൽപ്പന്നങ്ങളും വിപണനം ചെയ്യുക എന്നതാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഇത്തരത്തിലുള്ള ഓരോ ഫുഡ് ട്രക്കിനും മിൽമ കെഎസ്ആർടിസിക്ക് മാസവാടക നൽകുമ്പോൾ സർക്കാരിന്റെ തന്നെ രണ്ട് സ്ഥാപനങ്ങൾക്ക് പരസ്പരം ഒരുപോലെ സഹായകരമാകുന്ന ഉദ്യമം ആവുകയാണ്. ഇത്തരത്തിൽ മലബാർ മേഖലയ്ക്കു കീഴിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫുഡ് ട്രക്കുകൾ സ്ഥാപിക്കാൻ ആവും. അത് ഈ മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കും എന്ന കാര്യത്തിൽ സംശയമില്ല.

കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.