ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗുമൊക്കെ വ്യാപകമായതോടെ ഓണ്‍ലൈന്‍ വഴി ഹൈടെക് ആയി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും ഏറെയാണ്. തനിക്ക് നേരിടേണ്ടി വന്ന ഒരു തട്ടിപ്പിന്റെയും അതില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതിന്റെയും കഥ പറയുകയാണ് നടിയും അവതാരകയും ഡാന്‍സറുമായ ആര്യ.
സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരില്‍ സാരികളുടെ ഒരു ബ്രാന്‍ഡും നടത്തുന്ന ആര്യ ഓണ്‍ലൈനായും സാരി സെയില്‍സ് നടത്തുന്നുണ്ട്. അതിനിടയില്‍ ശ്രദ്ധയില്‍ പെട്ട ഒരു തട്ടിപ്പിന്റെ കഥയാണ് ആര്യ പറയുന്നത്.
“കഴിഞ്ഞ ദിവസം എനിക്ക് ഒഫീഷ്യല്‍ നമ്പറിലേക്ക് ഒരു മെസേജ് വന്നു. ഒരു സാരിയുടെ ഓര്‍ഡര്‍. 3000 രൂപയുടെ സാരിയാണ്.
View this post on Instagram
ഗുജറാത്തിലേക്കാണ് ഷിപ്പിംഗ് ചെയ്യേണ്ടത്. ഷിപ്പിംഗ് ചാര്‍ജായ 300 രൂപ കൂട്ടി 3300 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കസ്റ്റമര്‍ ഗൂഗിള്‍ പേ ചെയ്യാം എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ ഒഫീഷ്യല്‍ സ്ക്രീന്‍ഷോട്ടും അയച്ചു തന്നു.
“നോക്കിയപ്പോള്‍ 13,300 രൂപയാണ് അയച്ചത്. അവര്‍ക്ക് തുക തെറ്റി പോയത് ഞാന്‍ ശ്രദ്ധയില്‍പെടുത്തുകയും 10,000 രൂപ തിരിച്ചയക്കാന്‍ ഒരുങ്ങുകയും ചെയ്തപ്പോഴാണ്, ഈ നമ്പരിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യരുത് എന്ന ഗൂഗിള്‍ പേയുടെ അലേര്‍ട്ട് വന്നത്. ആദ്യമായിട്ടാണ് ഗൂഗിള്‍ പേയുടെ ഭാഗത്തുനിന്ന് അത്തരമൊരു അലേര്‍ട്ട് എന്നതിനാല്‍, ഞാന്‍ ഇക്കാര്യം എന്റെ സഹോദരനോട് സംസാരിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്യരുത് എന്നാണ് ബ്രദറും പറഞ്ഞത്.”
“പണം തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റമര്‍ വാട്സ്‌ആപ്പില്‍ നിരന്തരമായി മെസേജ് അയച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ഗൂഗിള്‍ പേയില്‍ വന്ന മെസേജ് വീണ്ടും പരിശോധിച്ചപ്പോഴാണ് അത് പണം ക്രെഡിറ്റ് ആയതിന്റെ നോട്ടിഫിക്കേഷന്‍ അല്ല, മറിച്ച് പണം തട്ടിയെടുക്കാനായി ആ കക്ഷി വെറുതെ ടൈപ്പ് ചെയ്ത് അയച്ച മെസേജ് ആയി അയച്ചതാണെന്ന് ബോധ്യമായത്,” ആര്യ പറയുന്നു.
സമാനമായ രീതിയില്‍ ഒരു മെസേജ് തിരികെ അയച്ചതോടെയാണ് തട്ടിപ്പുകാര്‍ സ്ഥലം കാലിയാക്കിതെന്നും ആര്യ പറയുന്നു.
“അവര്‍ പണം തിരിച്ചയക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഗൂഗിള്‍ പേ തക്കസമയത്ത് അലര്‍ട്ട് മെസേജ് തന്നിരുന്നില്ല എങ്കില്‍ ഞാനാ 10000 തിരിച്ച് അയച്ചു കൊടുക്കുമായിരുന്നു.” ആര്യ പറയുന്നു.