Sunday
11 January 2026
24.8 C
Kerala
HomeKeralaസ്ത്രീധനം വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും പണികിട്ടും ; എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർ, ഉത്തരവിറക്കി

സ്ത്രീധനം വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും പണികിട്ടും ; എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർ, ഉത്തരവിറക്കി

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തികയാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്.

വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരാക്കി നിയമ ഭേദഗതി വരുത്തിയത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായും നിയമിച്ചു.

വര്‍ത്തമാനകാല സാഹചര്യത്തില്‍ സ്ത്രീധനത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് വകുപ്പ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ചത്. ജില്ലാതലത്തിലെ പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ സ്ത്രീകളെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ താത്പര്യപത്രവും ക്ഷണിച്ചിട്ടുണ്ട്.

കൂടാതെ ജില്ലാതല അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി കോളേജുകള്‍, എന്‍.എസ്.എസ്. എന്നിവരുമായി സഹകരിച്ച് ജന്‍ഡര്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ അവബോധ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments