ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്ട്‌സ്‌ആപ്പ്. നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഈ അക്കൗണ്ടുകള്‍ എല്ലാം കഴിഞ്ഞ മാസം തന്നെ നിരോധിച്ചതായുള്ള സ്ഥിരീകരണം വ്യാഴാഴ്ച വാട്ട്സ്‌ആപ്പ് നല്‍കിയത്. ലൈവ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്‌ആപ്പ് 2021ലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങള്‍ പ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകളുടെ നിരോധനം നടപ്പിലാക്കിയിരിക്കുന്നത്.
ഈ വര്‍ഷം മെയ് 15 മുതല്‍ ജൂണ്‍ 15 വരെയുള്ള വിവരങ്ങള്‍ കാണിക്കുന്ന റിപ്പോര്‍ട്ട് ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് സ്പാം സന്ദേശങ്ങള്‍ അനധികൃതമായ രീതിയില്‍ ഉപയോഗിച്ചതിനാലാണ് ഇന്ത്യയിലെ ഇരുപത് ലക്ഷം ഇന്ത്യന്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ 95 ശതമാനത്തിലധികവും നിരോധിച്ചതെന്ന് വാട്ട്‌സ്‌ആപ്പ് വ്യക്തമാക്കി. വാട്ട്‌സ്‌ആപ്പിന്റെ പരാതി പരിഹാര സംവിധാനങ്ങള്‍ ഉപയോഗിച്ച ഇന്ത്യയിലെ ഉപയോക്താക്കളില്‍ 345 പേര്‍ പുന:പരിശോധന അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതിന്‍പ്രകാരം 63 അക്കൗണ്ടുകളില്‍ അനുകൂലമായോ പ്രതികൂലമായോ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും വാട്ട്‌സ്‌ആപ്പ് അറിയിച്ചു. അതായത് നിലവില്‍ ഈ അക്കൗണ്ടുകള്‍ നിരോധിക്കുകയോ മുമ്ബ് നിരോധിച്ച അക്കൗണ്ട് പുന:സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
അക്കൗണ്ട് നിരോധനത്തിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ട്വിറ്ററില്‍ ഒരു പുതിയ ‘മീം ഫെസ്റ്റിവല്‍’ തന്നെ ആരംഭിച്ചിട്ടുണ്ട്. കമ്ബനിയുടെ ഈ നീക്കത്തെ തുടര്‍ന്ന് വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ തങ്ങളുടെ ദേഷ്യം ട്വിറ്ററിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. പലരും നീണ്ട വാട്ട്‌സ്‌ആപ്പ് ഫോര്‍വേര്‍ഡുകള്‍ ഒഴിവാക്കി, അക്കൗണ്ടുകള്‍ നിരോധിക്കപ്പെട്ടവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പലരും മീമുകളുമായി ട്വിറ്ററില്‍ സജീവമായി.
മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് വാട്ട്‌സ്‌ആപ്പ് റിപ്പോര്‍ട്ടില്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. പരാതി പരിഹാര സംവിധാനങ്ങളിലൂടെ ലഭിച്ച പരാതികള്‍ക്ക് പുറമേയാണിത്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പറയുന്നത്, ദുരുപയോഗം കണ്ടെത്തുന്ന രീതി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്. രജിസ്ട്രേഷന്‍ വേളയിലും സന്ദേശമയയ്ക്കുമ്ബോഴും കൂടാതെ ഉപയോക്തൃ റിപ്പോര്‍ട്ടുകളില്‍ നിന്നും ഇത് ലഭിക്കുന്നു. മാത്രവുമല്ല, ഉപയോക്താക്കള്‍ ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും നെഗറ്റീവ് ഫീഡ്‌ബാക്ക് മറുപടിയായി നല്‍കുന്നതും ദുരുപയോഗമായിത്തന്നെ കണക്കിലെടുക്കുമെന്നും ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പറയുന്നു. ഇത്തരം കേസുകള്‍ കൂടുതല്‍ വിലയിരുത്തുന്നതിന് ഒരു വിശകലന സംഘം ഓട്ടോമേറ്റഡ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
“ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ദുരുപയോഗം കണ്ടെത്തുന്നതിനും അവ തടയുന്നതിനുമായി വിപുലമായ എഐ ഉപകരണങ്ങളും മറ്റ് വിപുലമായ സൗകര്യങ്ങളും വിന്യസിക്കുന്നതിനൊപ്പം ഉപയോക്തൃ റിപ്പോര്‍ട്ടുകള്‍, പ്രൊഫൈല്‍ ഫോട്ടോകള്‍, ഗ്രൂപ്പ് ഫോട്ടോകള്‍, വിവരണങ്ങള്‍ എന്നിവയുള്‍പ്പെടെ ലഭ്യമായ എന്‍ക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നുണ്ടെന്ന് ‘ വാട്ട്‌സ്‌ആപ്പ് പറയുന്നു.
ഈ മാസം ലഭിച്ച ആകെ 345 റിപ്പോര്‍ട്ടുകളില്‍ 63 അക്കൗണ്ടുകള്‍ക്കെതിരെ വാട്‌സ്‌ആപ്പ് നടപടിയെടുത്തിട്ടുണ്ട്, ബാക്കിയുള്ളവ തുടര്‍ നടപടികള്‍ ആവശ്യമില്ലാത്ത ഒന്നിലധികം വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. അക്കൗണ്ട് ആക്സസ് ചെയ്യുന്നതിന് സഹായം ആവശ്യമുള്ള ഉപയോക്താക്കള്‍, ചില സവിശേഷതകള്‍ക്ക് സഹായം ആവശ്യമുള്ളവര്‍, സേവനത്തിനായുള്ള ഫീഡ്‌ബാക്ക് അല്ലെങ്കില്‍ നിരോധിത അക്കൗണ്ടുകള്‍ പുന:സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ എന്നിങ്ങനെ ഒന്നിലധികം വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ടെന്നും വാട്ട്‌സ്‌ആപ്പ് അറിയിച്ചു. നിലവിലുള്ള എല്ലാ പരാതി പരിഹാര മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചാണ് ഉപഭോക്താക്കള്‍ ഇത്തരത്തിലുള്ള അക്കൗണ്ടുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എഡ്ജ് കേസുകൾ വിലയിരുത്തുന്നതിനും കാലക്രമേണ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും “വിശകലന സംഘം ഈ സംവിധാനങ്ങളെ വർദ്ധിപ്പിക്കുന്നു” എന്ന് കമ്പനി പറഞ്ഞു. എന്നിരുന്നാലും, പ്ലാറ്റ്‌ഫോമിലെ വ്യക്തിഗത സംഭാഷണങ്ങൾ എൻക്രിപ്റ്റുചെയ്‌തിരിക്കുന്നതിനാൽ ഇത് സ്വകാര്യമായി തന്നെ തുടരും. തെറ്റായ വിവരങ്ങൾ തടയുന്നതിനും സൈബർ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്പെഷ്യലിസ്റ്റുകളുമായി ഇടപഴകുന്നതിനൊപ്പം “ഉപയോക്തൃ ഫീഡ്‌ബാക്കിൽ ശ്രദ്ധാലുവാണ്” എന്നും വാട്ട്‌സ്ആപ്പ് കൂട്ടിച്ചേർത്തു.