ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ ബിജെപി നേതാവ് കീഴടങ്ങിഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലും റെയില്‍വേയിലും ജോലി വാങ്ങിത്തരാം എന്ന് വാഗ്ദാനം നല്‍കി പലരില്‍നിന്നായി കോടികള്‍ തട്ടിയ ഹിന്ദു ഐക്യവേദി മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബിജെപി നേതാവുമായ മുളക്കുഴ കാരയ്ക്കാട് മലയില്‍ സനു എന്‍ നായര്‍(48), ബുധനൂര്‍ തഴുവേലില്‍ രാജേഷ് കുമാര്‍ എന്നിവര്‍ ചെങ്ങന്നൂര്‍ പൊലീസില്‍ കീഴടങ്ങി.
ബിജെപി ദേശീയനേതാക്കളും കേന്ദ്ര മന്ത്രിമാരുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനംനല്‍കി പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. മുളക്കുഴ പഞ്ചായത്ത് മുന്‍ അംഗമായിരുന്ന സനു ഇത്തവണ അരീക്കര ബ്ലോക്ക് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വഞ്ചിതരായ ഉദ്യോഗാര്‍ഥികള്‍ ഈ വിഷയം ബിജെപി നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ല
35 ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇവര്‍ നാലു കോടിയോളം തട്ടിയെടുത്തതായാണ് സൂചന. 10 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാണ് കൈപ്പറ്റിയത്. ആര്‍എസ്‌എസ് പ്രവര്‍ത്തകനും ബിജെപി മുളക്കുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് സനു.
പത്തനംതിട്ട നഗരസഭയില്‍ കല്ലറക്കടവ് മാമ്ബറ നിതിന്‍ ജി കൃഷ്ണയുടെയും സഹോദരന്റെയും പരാതിയില്‍ ചെങ്ങന്നൂര്‍ കാരയ്ക്കാട് മലയില്‍ സനു എന്‍ നായര്‍, ബുധനൂര്‍ തഴുവേലില്‍ രാജേഷ് കുമാര്‍, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടക്കാവില്‍ ലെനിന്‍ മാത്യു എന്നിവര്‍ക്കെതിരെ മെയ് 25 ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടും പരാതികള്‍ ലഭിച്ചു.
ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കുന്നതിനായി എഫ്സിഐ കേന്ദ്രബോര്‍ഡംഗമെന്ന മട്ടില്‍ ലെനിന്‍ മാത്യുവിനെ പരിചയപ്പെടുത്തി. കോര്‍പറേഷന്റെ ബോര്‍ഡോടു കൂടിയ ഇന്നോവ കാറില്‍ ചുറ്റി സഞ്ചരിച്ചാണ് ഉദ്യോഗാര്‍ഥികളെ സമീപിച്ചത്. കേന്ദ്ര മന്ത്രിമാരോടും ബിജെപി നേതാക്കളോടുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചു വിശ്വാസ്യത ഉറപ്പ് വരുത്തിയുമാണ് തട്ടിപ്പ്.
ഇന്റര്‍വ്യൂവിനെന്ന പേരില്‍ ഉദ്യോഗാര്‍ഥികളെ തിരുവനന്തപുരം, ചെന്നൈ, ഡല്‍ഹി എഫ്സിഐ ഓഫീസുകളുടെ പരിസര പ്രദേശങ്ങളില്‍ ഹോട്ടല്‍ മുറിയെടുത്ത് ആഴ്ചകളോളം ഉദ്യോഗാര്‍ഥികളുടെ ചെലവില്‍ താമസിപ്പിച്ച ശേഷം മുങ്ങുകയാണ് പതിവ്.
തൊഴില്‍ ലഭിക്കാതായവര്‍ പണം തിരികെ ചോദിക്കുമ്ബോള്‍ ഇവര്‍ക്കെതിരെ കള്ളക്കേസ് നല്‍കും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭാവി തുലയ്ക്കുമെന്ന് ഭീഷണിപ്പെടുത്തും.