വിവാഹത്തിന് താല്പര്യം ഇല്ല; മുഹൂര്‍ത്തത്തിന് തൊട്ട് മുൻപ് വധു പോലീസിനെ വിളിച്ചു

0
69

വിവാഹത്തിന് തൊട്ടുമുന്‍പ് പോലീസിനെ വിളിച്ച് ചടങ്ങില്‍ നിന്നും പിന്മാറി യുവതി. വീട്ടുകാര്‍ നിശ്ചയിച്ച യുവാവിനെ ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താലാണ് യുവതി പോലീസിനെ വിളിച്ചതും വിവാഹം വേണ്ടെന്ന് അറിയിച്ചതും. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ രാംടെക്കിനടുത്ത റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. നാഗ്പൂരിൽ ആണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിവാഹചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് വധു പോലീസിനെ വിളിക്കുന്നത്. മറ്റൊരാളുമായി ഇഷ്ടത്തിലായതിനാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് യുവതി പോലീസിനെ അറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ വരന്റെ വീട്ടുകാര്‍ ദേഷ്യപ്പെടുകയും പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് മകേശ്വറും സംഘവും സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

തുടര്‍ന്ന് രണ്ട് വീട്ടുകാരെയും രാംടെക്ക് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സ്‌റ്റേഷനില്‍ നിന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് വരന്റെ വീട്ടുകാര്‍ എത്തുന്നത്. നിശ്ചയിച്ച വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് യുവതി വീട്ടുകാരെ അറിയിച്ചതായാണ് വിവരം. വീട്ടുകാര്‍ തെരഞ്ഞടുത്തയാളെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി അമ്മയോട് ഒരാഴ്ച മുന്‍പ് പറഞ്ഞിരുന്നെന്നാണ് ഒരു ഒരുദ്യോഗസ്ഥന്‍ പറഞ്ഞത്.