മുഖത്തിടേണ്ട മാസ്ക് കാലിലിട്ട് ബിജെപി മന്ത്രി ; വ്യാപക പ്രതിഷേധം

0
76

ഉത്തരാഖണ്ഡിലെ കരിമ്പ് വ്യവസായ മന്ത്രി സ്വാമി യതീശ്വരാനന്ദയും, ഒപ്പം മറ്റു രണ്ട് മന്ത്രിമാരായ ബിഷൻ സിംഗ് ചുഫാലും സുബോദ് യൂനിയലും , ബിജെപി നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രാജ്യത്ത് നിലനിൽക്കുന്ന കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തിയാണ് മന്ത്രിമാരുടെ യോഗം നടന്നതെന്ന് ചിത്രം വ്യക്തമാക്കുന്നു.

മുഖത്തിടേണ്ട മാസ്ക് കാൽ വിരലിൽ തൂക്കിയിട്ടാണ് അടച്ചിട്ട മുറിയിൽ യതീഷ്ചന്ദ്ര ഇരിക്കുന്നത്. കൂടെയുള്ള മന്ത്രിമാരും പാർട്ടി നേതാക്കളും മാസ്ക് ധരിച്ചിട്ടുമില്ല. ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ വലിയ പ്രതിഷേധമാണ് മന്ത്രിമാർക്കെതിരെ ഉയരുന്നത്. മുഖത്തിടേണ്ട മാസ്ക് കാലിൽ ഇട്ടുകൊണ്ട് ഈ രാജ്യത്ത് കോവിഡിനെ തങ്ങൾ കാൽചുവട്ടിലാക്കി എന്ന സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ്സ് നേതൃത്വം പരിഹസിച്ചു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ സന്ദേശം നൽകുകയും ചെയ്യുന്ന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങൾക്ക് ഒരു നിയമം മന്ത്രിക്ക് ഒരു നിയമം എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.കോവിഡ് നിയന്ത്രണങ്ങളെ കാലിന് ചുവട്ടിലിട്ട് ചവിട്ടിയരക്കുകയാണ് ബിജെപിയെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.