സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കേസില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി. അഭിഭാഷകന്റെ അസാന്നിധ്യത്തില്‍ ലൂസി കളപ്പുര സ്വന്തം വക്കാലത്ത് ഏറ്റെടുത്ത് വാദിച്ചതോടെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്ന അപൂര്‍വ്വ സംഭവത്തിനും കേരള ഹൈക്കോടതി സാക്ഷിയായി.
തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും മഠത്തില്‍ നിന്നും ഇറങ്ങാന്‍ സഭാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സിവില്‍ കേസ് തീര്‍പ്പാകുന്ന വരെ മഠം വിട്ടിറങ്ങാനാവില്ലെന്നും ലൂസി കളപ്പുര ഹൈക്കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ മഠത്തില്‍ തന്നെ ലൂസി കളപ്പുര തുടരണമെന്ന് കോടതിക്ക് പറയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം മഠത്തിന് പുറത്ത് ലൂസി കളപ്പുര എവിടെ താമസിച്ചാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി.