സംസ്ഥാന ടൂറിസം വിവരങ്ങളും വിശേഷങ്ങളും ഇനി വിരൽത്തുമ്പിൽ, വെബ്‌സൈറ്റും ആപ്പും ഒരുങ്ങുന്നു

0
93

കേരളത്തിന്റെ ടൂറിസം മേഖലയിലെ വിവരങ്ങളും വിശദാംശങ്ങളും അറിയിപ്പുകളും ഉൾപ്പടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച് സർക്കാർ പോർട്ടൽ ഒരുങ്ങുന്നു.ടൂറിസം വകുപ്പിന്‍റെ അറിവിലും അതീതമായ ആയിരം പുതുമകളും പ്രത്യേകതകളും കേരളത്തിലുണ്ട്. ഈ അറിവുകൾ ഉൾക്കൊള്ളിച്ച് വെബ് പോർട്ടലും തുടർന്ന് മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.വിനോദസഞ്ചാരികളും കാഴ്ചയുടെ കാവല്‍ക്കാരുമായ അനവധി മനുഷ്യരുടെ വര്‍ഷങ്ങളായി ശേഖരിക്കപ്പെട്ട വിജ്ഞാനവും അറിവും പങ്കു വയ്ക്കുക, ഈ വിജ്ഞാനത്തെ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരു പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് അപ്പ് രൂപീകരണത്തിന്‍റെ ലക്ഷ്യം. ടൂറിസത്തെ ജനകീയമാക്കുക എന്ന പ്രക്രിയ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും അത്യാവശ്യമാണ്. ജനങ്ങളുടേതായ സംഭാവനകള്‍ വകുപ്പിനും ടൂറിസം മേഖലയ്ക്കും പ്രത്യാശാകരമായ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

കേരളത്തിന്‍റെ ടൂറിസം മേഖലകളെയാകെ കോര്‍ത്തിണക്കി ഒരു ആപ്പ് രൂപീകരിക്കണമെന്ന ആലോചനയിലായിരുന്നു. അതിന്‍റെ തയ്യാറെടുപ്പുകള്‍ക്കിടയിലാണ് സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയും ഈ അഭിപ്രായം മുന്നോട്ട് വെച്ചത്. സന്ദര്‍ശകരാണ് ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്ന അദ്ദേഹത്തിന്‍റെ ആശയം ആപ്പ് രൂപീകരണത്തെ കുറച്ചുകൂടി സമഗ്രമാക്കി. ടൂറിസം വകുപ്പിന്‍റെ സമഗ്രമായ ഒരു പോര്‍ട്ടലും തുടര്‍ന്ന് ആപ്പും രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയാണ്.

ടൂറിസം വകുപ്പിന്‍റെ അറിവിലും അതീതമായ ആയിരം പുതുമകളും പ്രത്യേകതകളും കേരളത്തിലുണ്ട്. വിനോദസഞ്ചാരികളും കാഴ്ചയുടെ കാവല്‍ക്കാരുമായ അനവധി മനുഷ്യരുടെ വര്‍ഷങ്ങളായി ശേഖരിക്കപ്പെട്ട വിജ്ഞാനവും അറിവും പങ്കു വയ്ക്കുക, ഈ വിജ്ഞാനത്തെ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരു പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് അപ്പ് രൂപീകരണത്തിന്‍റെ ലക്ഷ്യം.

ടൂറിസത്തെ ജനകീയമാക്കുക എന്ന പ്രക്രിയ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും അത്യാവശ്യമാണ്. ജനങ്ങളുടേതായ സംഭാവനകള്‍ വകുപ്പിനും ടൂറിസം മേഖലയ്ക്കും പ്രത്യാശാകരമായ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.
ടൂറിസം മേഖലയെ സംബന്ധിച്ച ഓരോ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തലും എത്തിക്കലും ഏറെ പ്രധാനമാണ്. ഒരു ദേശത്തെക്കുറിച്ചോ, പ്രകൃതിവിശേഷതയെക്കുറിച്ചോ, ഒരു കലാരൂപത്തെക്കുറിച്ചോ ഒരു പ്രത്യേക ഭക്ഷണത്തെക്കുറിച്ചോ ആചാരത്തെക്കുറിച്ചോ ഉത്സവത്തെക്കുറിച്ചോ ഒക്കെ ആകാമത്.

ഇവിടെയാണ് ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടല്‍ വകുപ്പിനാവശ്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സഞ്ചാരികളും കാഴ്ചക്കാരുമായ ഒരു വലിയ ജനക്കൂട്ടം നമുക്കുണ്ട്. ഓരോ യാത്രയിലും കാണുന്നവയൊക്കെ കൗതുകത്തോടെ രേഖപ്പെടുത്തുന്നവരാണതില്‍ ഭൂരിഭാഗവും. ഫോട്ടോകള്‍, വീഡിയോകള്‍, എഴുത്തുകള്‍ എന്നിങ്ങനെ അവര്‍ കാഴ്ചയുടെ കണ്ടന്‍റ് ഉത്പാദിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. അവരുടെ ഓരോ കാഴ്ചകളും വ്യത്യസ്തമാണ്. വ്യക്തിയില്‍ നിന്നും വ്യക്തിയിലേയ്ക്ക് ഈ കണ്ടന്‍റുകള്‍ വ്യത്യാസപ്പെട്ടിരിക്കും. മേഖലകളും അറിവുകളും കാഴ്ചകളും നിരീക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.

കേരളത്തിന്‍റെ സംസ്കാരവും ചരിത്രവും എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ശ്രമിക്കുന്ന ഒരു പോര്‍ട്ടലാണ് വിഭാവനം ചെയ്യുന്നത്. സഞ്ചാരികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ പോലെ ഈ സംരഭത്തില്‍ ഉള്‍ച്ചേരാനാകും. വ്യത്യസ്തവും ക്രിയാത്മകവും സൗന്ദര്യാതമകവുമായ ഒരു വിജ്ഞാനകോശമായി ഇത് മാറും. ഒപ്പം ഈ കണ്ടന്‍റുകളെ ഉത്പാദിപ്പിച്ച വ്യക്തികളുടെ സംഭാവനകളെ കണക്കിലെടുത്ത് എണ്ണവും ഗുണവും മാനദണ്ഡമാക്കി അവരുടെ സംഭാവനകളെ ആദരിക്കുവാനും, മികച്ച കണ്ടന്‍റ് നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുവാനും ഉദ്ദേശിക്കുന്നു.

ലളിതമായ ഒരു രജിസ്ട്രേഷന്‍ പ്രക്രിയക്ക് ശേഷം ആര്‍ക്കും കണ്ടന്‍റ് അപ് ലോഡ് ചെയ്യാവുന്ന രീതിയിലാണ് ആപ്പ് രൂപീകരിക്കുന്നത്. അപ് ലോഡ് ചെയ്ത കണ്ടന്‍റ്, എഡിറ്റര്‍മാര്‍ പരിശോധിച്ച് അംഗീകരിച്ചുകഴിഞ്ഞാല്‍ പോര്‍ട്ടലിലേക്ക് പ്രത്യേക കാറ്റഗറി തിരിച്ച് എല്ലാവര്‍ക്കും ലഭ്യമാകും. സമ്മാനങ്ങള്‍, മത്സരങ്ങള്‍, യാത്രകള്‍ എന്നിവയൊക്കെ ഇതിനു തുടര്‍ച്ചയായിട്ടുണ്ടാകും. തികച്ചും ജനകീയമായ ക്രൗഡ് സോഴ്സിങിലൂടെ അതിബൃഹത്തും ശക്തവും അസാധാരണവുമായ ഒരു മുന്നേറ്റമായി ഇതുമാറുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല.