സെറം ഇൻസ്റ്റിറ്റ്യൂട്ട് സെപ്തംബറിൽ സ്പുട്നിക് വാക്സിൻ ഉത്പാദനം ആരംഭിക്കും

0
79

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിനായ സ്പുട്‌നിക് V സെപ്തംബർ മുതൽ ഇന്ത്യയിൽ ഉത്പാദനം തുടങ്ങുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിവർഷം 300 മില്ല്യൺ ഡോസ് വാക്സിനാണ് ഉത്പാദിപ്പിക്കുക. റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് V ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ.(ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) നേരത്തെ പ്രാഥമിക അനുമതി നൽകിയിരുന്നു.

നിലവിൽ സ്പുട്നിക് വാക്‌സിൻ ഇറക്കുമതി ചെയ്താണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെകിന്റെ കോവാക്സിനും ശേഷം ഇന്ത്യയിൽ വിതരണം ചെയ്യാൻ അനുമതി ലഭിച്ചത് സ്പുട്നിക് വാക്സിനാണ്.

ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളേക്കാൾ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന്. ഫൈസർ, മൊഡേണ വാക്‌സിനുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാര്യക്ഷമതയുളള വാക്‌സിനാണ് സ്പുട്‌നിക്. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്സിൻ എന്നാണ് ഗവേഷണഫലങ്ങൾ വ്യക്തമമാക്കുന്നത്.