നാഷനല്‍ കമീഷന്‍ ഫോര്‍ പ്രൊടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് നടത്തിയ ഓപറേഷനിലൂടെ നവജാത ശിശുവിനെ മൂന്നര ലക്ഷം രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ പിടികൂടി. പ്രിയങ്കയെന്ന യുവതിയെ പ്രതിയെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും അനുബന്ധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. കൃത്രിമ ഗര്‍ഭധാരണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ഡയഗനോസ്റ്റിക് സെന്ററിലെ ഏജന്റാണ് താനെന്ന് പ്രിയങ്ക ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. രക്ഷപെടുത്തിയ കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലാക്കി.
എന്‍ സി പി സി ആര്‍ അധ്യക്ഷന്‍ പ്രിയാങ്ക് കനൂങ്കോയ്ക്കാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിയാങ്ക് ആവശ്യക്കാരനെന്ന വ്യാജേന യുവതിയെ ഫോണില്‍ ബന്ധപ്പെട്ടു. കുഞ്ഞിനെ ആവശ്യമായ യുവതിയുടെ സഹോദരന്‍ എന്നാണ് പ്രിയാങ്ക് പരിചയപ്പെടുത്തിയത്. പ്രിയാങ്കിന്റെ ഔദ്യോഗിക മൊബൈലില്‍ വിളിച്ച യുവതി പെണ്‍കുട്ടിയെ മൂന്നര ലക്ഷം രൂപക്ക് വില്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.
മുന്‍കൂറായി 25000 രൂപ നല്‍കണമെന്ന് അവര്‍ അറിയിച്ചു. പ്രിയങ്ക എന്ന പേരിലുള്ളയാളുടെ ഗൂഗിള്‍ പേ അകൗണ്ട് വിവരങ്ങളും കൈമാറി. ബാക്കി തുക കുട്ടിയെ കൈമാറിയ ശേഷം നല്‍കിയാല്‍ മതിയെന്നാണ് യുവതി പറഞ്ഞത്. തുടര്‍ന്ന് യുവതി അവശ്യപ്പെട്ട പ്രകാരം പശ്ചിം വിഹാറിലുള്ള സായി ബാബ ക്ഷേത്രത്തില്‍ പ്രിയാങ്ക് ഡെല്‍ഹി പൊലീസ് സംഘത്തിനൊപ്പം സ്ഥലത്തെത്തി. അല്‍പസമയത്തിന് ശേഷം പ്രിയങ്കയും കുട്ടിയുമായി ക്ഷേത്രത്തിലെത്തി. പ്രിയാങ്കിനോട് മുന്‍കൂറായി നല്‍കാമെന്ന് പറഞ്ഞ 25000 രൂപ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.