SPECIAL REPORT… സാബു ജേക്കബിന്റെ സ്വപ്ന പാർക്ക് “കകാതിയയെ” വെല്ലുന്ന കേരളത്തിന്റെ കിൻഫ്ര അപ്പാരൽ പാർക്ക്, സർക്കാരിന്റെ അഭിമാനം

0
69

പ്രശസ്തമായ തെലങ്കാനയിലെ കകാത്തിയ ടെക്സ്റ്റയിൽ പാർക്കിനെ കുറിച്ച് മാത്രം കേട്ടിട്ടുള്ളവരോട് കേരളത്തിലെ ചില പാർക്ക് വിശേഷങ്ങൾ പറയാം.രാജ്യത്തെ തന്നെ ഏറ്റവും ആദ്യത്തെ അപ്പാരൽ പാർക്കുകളിലൊന്നായ “കിൻഫ്ര ഇൻ്റർനാഷനൽ അപ്പാരൽ പാർക്ക്” കേരളത്തിലാണ്. തിരുവനന്തപുരം കഴക്കൂട്ടത്തിനു സമീപം മേനംകുളത്തുള്ള കിൻഫ്ര പാർക്കിൽ രാജ്യത്തെ തന്നെ പ്രമുഖ വസ്ത്ര നിർമ്മാണ യൂണിറ്റുകളടക്കം 89 കമ്പനികളുണ്ട്. സംസ്ഥാന വ്യവസായ വകുപ്പിൻ്റെ കീഴിലുള്ള പാർക്കിൽ ഒരുക്കിയ സൗകര്യങ്ങൾ രാജ്യാന്തര നിലവാരമുള്ളവയാണ്.
മികച്ച റോഡ് കണക്റ്റിവിറ്റിയോടെ 90 ഏക്കറിൽ നിർമിച്ച പാർക്കിൽ 3.14 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്റ്ററികൾക്ക് പുറമെ വെള്ളം , വൈദ്യുതി എന്നിവയും പ്രത്യേക ലൈൻ വഴി ലഭ്യമാക്കിയിട്ടുണ്ട്. ഫാക്ടറികളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് , ചെടികളും പുല്ലും സംരക്ഷിക്കാൻ ഉപയോഗിക്കുന്നു. ഈ പാർക്കിൽ സംരഭകരുടെ ഡിമാൻഡ് വർദ്ധിച്ച കാരണം കണ്ണൂരിലും ഏതാനും മാസം മുൻപ് പുതിയ അപ്പാരൽ പാർക്ക് തുടങ്ങി.

മേനംകുളത്തെ പാർക്കിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള പതിനായിരത്തിലേറെ പെൺകുട്ടികൾ ജോലി ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെ എല്ലാ നിബന്ധനകളും പാലിക്കപ്പെടുന്നു എന്നുറപ്പു വരുത്താനുള്ള എല്ലാ പരിശോധനകളും ഇവിടെ നടത്താറുണ്ട്. ഡിസ്പെൻസറി / കാൻ്റീനുകൾ / റിഫ്രഷ്മെൻ്റ് റൂമുകൾ തുടങ്ങി പൊതുസൗകര്യങ്ങൾ വേറെയും ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുടേയും – പുരുഷന്മാരുടേയും – കുട്ടികളുടേയും നിരവധി പ്രമുഖ ബ്രാൻഡുകൾക്കു വേണ്ട വസ്ത്രങ്ങൾ ഇവിടെയാണ് നിർമ്മിക്കുന്നത്. ബ്രാൻഡുകളുടെ പേര് പ്രസിദ്ധീകരിക്കരുതെന്ന നിബന്ധനയുള്ളത് കൊണ്ട് ഒഴിവാക്കുന്നു. കിൻഫ്രയുടെ തന്നെ ഇൻഡസ്ട്രിയൽ പാർക്കും അപ്പാരൽ പാർക്കിനു സമീപത്ത് പ്രവർത്തിക്കുന്നു.

സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ വേണ്ടി കേരളം നിക്ഷേപകരെ “ആട്ടിപ്പായിക്കുന്നു” എന്ന് അലമുറയിടുന്ന പ്രമുഖ പത്രത്തിൻ്റെ അത്യാധുനിക പ്രിൻ്റിംഗ് പ്രസ് പ്രവർത്തിക്കുന്നതും അപ്പാരൽ പാർക്കിനു തൊട്ടടുത്തുള്ള ഇൻഡസ്ട്രിയൽ പാർക്കിലാണ് എന്നതാണ് ഏറെ വിചിത്രം.