രാഷ്ട്രീയം വഴങ്ങില്ല, രാഷ്ട്രീയത്തിലേക്കുമില്ല, മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

0
45

രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച്‌ തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം എന്ന സംഘടന താരം പിരിച്ചുവിട്ടു. ആരാധകരുടെ കൂട്ടായ്മയായി മാത്രമായിരിക്കും ഇനി സംഘടന പ്രവര്‍ത്തിക്കുകയെന്നും രജനികാന്ത് അറിയിച്ചു. ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്. ‘നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല. എന്തായാലും വീണ്ടും രാഷ്ട്രീയത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ല’- സൂപ്പർതാരം വ്യക്തമാക്കി.

രാഷ്ട്രീയ കൂട്ടായ്മയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുകയാണ്. ഒരു രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയ്ക്ക് ഇനി ഒരു പ്രവര്‍ത്തനവും ആരാധകര്‍ നടത്തരുത്. രജനി മക്കള്‍ മന്‍ട്രം ഒരു ആരാധനക്കൂട്ടായ്മയായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും രജനി പറഞ്ഞു.

രാഷ്ട്രീയത്തിലേക്കില്ല എന്ന തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രജനീ മക്കള്‍ മന്‍ട്രം പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു വാര്‍ത്ത. അതിനിടെയാണ് മന്‍ട്രം പിരിച്ചുവിട്ടുവെന്ന വാര്‍ത്തകള്‍ വരുന്നത്. അണ്ണാത്തെ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താരം. അതിനുശേഷം വൈദ്യപരിശോധനകള്‍ക്കായി രജനീകാന്ത് ഇപ്പോള്‍ അമേരിക്കയിലാണ്.