സ്പ്രിങ്ക്ലെറിനെ ഓടിച്ച മാധ്യമങ്ങളും പ്രതിപക്ഷവും, സാബുവിനായി ഒഴുക്കുന്നത് മുതലക്കണ്ണീർ, കേരളത്തെ തകർക്കാൻ ഗൂഢാലോചന

0
79

അനിരുദ്ധ് പി.കെ.

കേരളത്തെ വ്യവസായ വിരുദ്ധ സംസ്ഥാനമായി ചാപ്പകുത്താൻ അരയും തലയും മുറുക്കി മാധ്യമങ്ങളുടെയും, പ്രതിപക്ഷത്തിന്റെയും ഗൂഢാലോചന. സാബു ജേക്കബിനായി ഒഴുകുന്നത് മുതലക്കണ്ണീരാണെന്ന് വ്യക്തം. മാസങ്ങൾക്ക് മുൻപ് സ്പ്രിങ്ക്ലെർ എന്ന മൾട്ടി നാഷണൽ കമ്പനിയെ കള്ളകഥയും കുപ്രചാരണവും നടത്തി കേരളത്തിൽ നിന്നും ഓടിച്ചത് ഈ സംഘത്തിന്റെ ഒരുമിച്ചുള്ള നീക്കമായിരുന്നു.

കിറ്റക്സിന്റെ മാർക്കറ്റ് ക്യാപ്പ് 900 കോടിയാണെങ്കിൽ മലയാളിയായ റാഗി തോമസ് എന്ന വ്യവസായിയുടെ സ്പ്രിങ്ങ്‌ളർ എന്ന കമ്പനിയുടെത് 5 ബില്യൺ ഡോളർ ആണ്, ഏതാണ്ട് 37000 കോടി.മഹാമാരി കാലത്ത് കേരള സർക്കാരിനെ സഹായിച്ചു എന്ന ഒറ്റകരണത്താലാണ് ഇല്ലാക്കഥകളും അനാവശ്യ വിവാദങ്ങളും ഉയർത്തി സ്പ്രിങ്ക്ലെറിനെ കേരളത്തിൽ നിന്നും ആട്ടിപ്പായിച്ചത്. ഇതേ സ്പ്രിങ്ക്ലെറിനെ ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ മഹാമാരിക്കാലത്ത അതിജീവിക്കുന്നത് എന്നുകൂടി നാം ഓർക്കണം. അതായത് കേന്ദ്രത്തിലാണെങ്കിൽ സ്പ്രിങ്ക്ലെർ നല്ലതും, കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ സ്പ്രിങ്ക്ലെർ തരികിടയാണെന്നുമാണ് ഇവിടുത്തെ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയ ബോധം.

ഇന്ന് അമേരിക്കയിലെ വളരെ എസ്റ്റീംഡ് ആയ ഒരു കമ്പനിയാണ് സ്പ്രിങ്ക്ലെർ. ഇപ്പൊ അവർ കേന്ദ്ര സർക്കാരിനെയും സഹായിക്കുന്നു. കിറ്റക്സിനെ ഓടിച്ചു എന്നു കരയുന്ന ആർക്കും പരാതിയില്ല. ഇനി അവർ കേരളത്തിലേക്ക് വരുമോ ? ഒരു രൂപ ഇവിടെ മുടക്കുമോ ? കേരളത്തെ സഹായിച്ചു എന്നതിന്റെ പേരിൽ ചെന്നിത്തലയും മാധ്യമങ്ങളും കൂടി ഓടിച്ച സ്പ്രിങ്ക്ലെറിന്റെ സ്ഥാപകനും മലയാളിയാണെന്ന് ഇപ്പോൾ കണ്ണീരൊഴുക്കുന്ന പലർക്കും അറിയുക പോലുമില്ല.

തെരഞ്ഞെടുപ്പിൽ മത്സരിച്ച് രാഷ്ട്രീയ സ്വാധീനം കൊണ്ട് സ്വന്തം കമ്പനിയിലെ നിയമലംഘനങ്ങളും തൊഴിൽ ചൂഷണവും മറച്ചു പിടിക്കാൻ ശ്രമിക്കുന്ന സാബു ജേക്കബിനും, അതിനു ഒത്താശ ചെയ്യുന്ന പ്രതിപക്ഷത്തിനും ഉളുപ്പുണ്ടെങ്കിൽ, പറയുന്ന നിലപാടിൽ അല്പമെങ്കിലും സത്യമുണ്ടെങ്കിൽ സ്പ്രിങ്ക്ലെറിനു വേണ്ടിയും ശബ്ദമുയർത്തണം.കേരളത്തിൽ സാബു ജേക്കബ് മാത്രമല്ല സംരഭകനായി ഉള്ളതെന്നും ഓർക്കുന്നത് നല്ലതാണ്.