Wednesday
17 December 2025
30.8 C
Kerala
HomeKeralaസിക്ക വൈറസ് : കേരളം സുസജ്ജം, 4 മെഡിക്കൽ കോളേജുകൾക്ക് 2100 പരിശോധനാ കിറ്റുകളെത്തി

സിക്ക വൈറസ് : കേരളം സുസജ്ജം, 4 മെഡിക്കൽ കോളേജുകൾക്ക് 2100 പരിശോധനാ കിറ്റുകളെത്തി

 

 

സിക്ക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സുസജ്ജമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴ എൻ.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എൻ.ഐ.വി. പൂനയിൽ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താൻ കഴിയുന്ന 2100 പി.സി.ആർ. കിറ്റുകൾ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം 1000, തൃശൂർ 300, കോഴിക്കോട് 300, ആലപ്പുഴ എൻ.ഐ.വി. 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകൾ ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക്ക എന്നിവ പരിശോധിക്കാൻ കഴിയുന്ന 500 ട്രയോപ്ലക്‌സ് കിറ്റുകളും സിക്ക വൈറസ് മാത്രം പരിശോധിക്കാൻ കഴിയുന്ന 500 സിങ്കിൾ പ്ലക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളിൽ സിക്ക പരിശോധിക്കാൻ കഴിയുന്ന സിങ്കിൾ പ്ലക്‌സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആർ.ടി.പി.സി.ആർ. പരിശോധന വഴിയാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് സിക്ക വൈറസ് പരിശോധന നടത്തുന്നത്. രക്ത പരിശോധനയിലൂടെ സിക്ക വൈറസ് കണ്ടെത്താനാണ് പൂന എൻ.ഐ.വി. നിർദേശിച്ചിരിക്കുന്നത്. രോഗം സംശയിക്കുന്നവരുടെ 5 എം.എൽ. രക്തം ശേഖരിക്കുന്നു. രക്തത്തിൽ നിന്നും സിറം വേർതിരിച്ചാണ് പി.സി.ആർ. പരിശോധന നടത്തുന്നത്. തുടക്കത്തിൽ ഒരു പരിശോധനയ്ക്ക് 8 മണിക്കൂറോളം സമയമെടുക്കും.

സംസ്ഥാനത്ത് കൂടുതൽ ലാബുകളിൽ സിക്ക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുന്നതാണ്. മെഡിക്കൽ കോളേജുകൾക്ക് പുറമേയുള്ള കേസുകൾ പബ്ലിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും.

സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ. പരിശോധന നടത്തുവാൻ കഴിയുന്ന 27 സർക്കാർ ലാബുകളാണുള്ളത്. കോവിഡ് വ്യാപന സമയത്ത് കൂടുതൽ ആർ.ടി.പി.സി.ആർ. ലാബുകൾ സർക്കാർ സജ്ജമാക്കിയിരുന്നു. കൂടുതൽ ടെസ്റ്റ് കിറ്റുകൾ എത്തുന്ന മുറയ്ക്ക് ആവശ്യമെങ്കിൽ ഈ ലാബുകളിലും എൻ.ഐ.വി.യുടെ അനുമതിയോടെ സിക്ക പരിശോധന നടത്താൻ സാധിക്കുന്നതാണ്.

സംസ്ഥാനത്ത് സിക്ക വൈറസ് പ്രതിരോധം ഊർജിതമാക്കിയിട്ടുണ്ട്. പനി, ചുവന്ന പാടുകൾ, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകിച്ചും ഗർഭിണികളെ സിക്ക വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments