സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ ബിജെപി തമിഴ്‌നാട്ടിൽ കലാപത്തിന് വെടിമരുന്നിടുന്നുവെന്ന് ടി. എം തോമസ് ഐസക്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയിൽ ഭദ്രമല്ലെന്ന് നാൾക്കുനാൾ തെളിയുകയാണ്.
സമാധാനവും സൈ്വര ജീവിതവും നിലനിൽക്കുന്ന സ്ഥലങ്ങളിൽപ്പോലും എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്നവരുടെ കൈകളിലാണ് ദൗർഭാഗ്യവശാൽ രാജ്യഭരണം. തമിഴ്‌നാട്ടിലേത് രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണെന്നും തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തോമസ് ഐസകിന്റെ പ്രതികരണം.
തമിഴ്‌നാടിന്റെ പടിഞ്ഞാറൻ ഭാഗം വിഭജിച്ച് കൊംഗനാട് രൂപീകരിക്കാൻ നീക്കമുണ്ടെന്ന വാർത്തയെത്തുടർന്ന് രാഷ്ട്രീയഭേദമെന്യേ പ്രതിഷേധം ജ്വലിക്കുകയാണ്.എന്നാൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ തമിഴ്‌നാട്ടിൽ കലാപത്തിനുള്ള വെടിമരുന്നിടുകയാണ് ബിജെപി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയിൽ ഭദ്രമല്ലെന്ന് നാൾക്കുനാൾ തെളിയുകയാണ്.
സമാധാനവും സൈ്വരജീവിതവും നിലനിൽക്കുന്ന സ്ഥലങ്ങളിൽപ്പോലും എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്ന രാജ്യദ്രോഹികളുടെ കൈകളിലാണ് ദൗർഭാഗ്യവശാൽ രാജ്യഭരണം. ഇത് രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണ്.
തമിഴ്‌നാടിന്റെ പടിഞ്ഞാറൻ ഭാഗം വിഭജിച്ച് കൊംഗനാട് രൂപീകരിക്കാൻ നീക്കമുണ്ടെന്ന വാർത്തയെത്തുടർന്ന് സംസ്ഥാനത്താകെ രാഷ്ട്രീയഭേദമെന്യേ പ്രതിഷേധം ജ്വലിക്കുകയാണ്. പ്രതിഷേധം കനക്കുമ്പോഴും കേന്ദ്രസർക്കാർ പുലർത്തുന്ന മൌനവും ദുരൂഹമാണ്. ഈ നീക്കത്തിന് അനുകൂലവും പ്രതികൂലവുമായി ഉയരുന്ന അഭിപ്രായങ്ങൾ നാട്ടിൽ നിലനിൽക്കുന്ന ശാന്തമായ സാമൂഹ്യാന്തരീക്ഷമാണ് ആത്യന്തികമായി തകർക്കുക. ഇതു തന്നെയാണ് ബിജെപിയുടെ ലക്ഷ്യവും.
ബിജെപി തമിഴ്‌നാട് ഘടകം മുൻപ്രസിഡന്റായ എൽ മുരുകൻ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. അദ്ദേഹത്തെ കൊംഗനാടിന്റെ പ്രതിനിധിയായാണ് കേന്ദ്രസർക്കാർ വിശേഷിപ്പിച്ചത്. നാമക്കൽ ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.
തൊട്ടുപിന്നാലെ കൊംഗനാട് രൂപീകരണം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടുമായി ഒരു പ്രാദേശിക പത്രം രംഗത്തിറങ്ങി. ഈ ആവശ്യത്തിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ രംഗത്തിറങ്ങിയത് ബിജെപി അനുഭാവികളായിരുന്നു. അതോടെയാണ് തമിഴ്‌നാട്ടിലെ സജീവമായ രാഷ്ട്രീയപ്രശ്‌നമായി ഇക്കാര്യം മാറിയത്.
തമിഴ്‌നാട്ടിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ഒരു ശ്രമവും നാളിതുവരെ വിജയിച്ചിട്ടില്ല. എഐഡിഎംകെയുമായി സഖ്യമുണ്ടാക്കിയിട്ടുപോലും സംസ്ഥാനത്ത് കേവലം രണ്ടു ശതമാനം മാത്രമാണ് ബിജെപിയുടെ ശക്തിയെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലും തെളിഞ്ഞതാണ്. കൊംഗനാടിന് അനുകൂലവും പ്രതികൂലവുമായി തമിഴ്ജനത ചേരി തിരിയുന്നതിൽ നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് പുതിയ ശ്രമം. ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കേണ്ട നീക്കമാണിത്. ഇടതുപാർടികളും ഡിഎംകെയും ഈ നീക്കത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്.
വിഭജനരാഷ്ട്രീയത്തിലൂടെ ജനപിന്തുണ ആർജിക്കാനുള്ള ബിജെപിയുടെ കുറുക്കുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുഉള്ളൂ. ഭാഷാ സംസ്ഥാനങ്ങളെ വിഭജിച്ച് ച്ഛിന്നഭിന്നമാക്കൽ ദേശീയപ്രശ്‌നത്തോടുള്ള ഭരണഘടനാ സമീപനത്തെ അട്ടിമറിക്കുന്നതാണ്.
ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനായിട്ടാണ് ഭരണഘടന നിർവ്വചിക്കുന്നത്.
ഇന്നിപ്പോൾ തങ്ങളുടെ തന്നിഷ്ടപ്രകാരം ഏതു സംസ്ഥാനത്തെയും വെട്ടിമുറിക്കുന്നതിനും സംസ്ഥാന പദവിതന്നെ കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കുന്നതിനും തങ്ങൾക്ക് അധികാരമുണ്ടെന്ന ഹുങ്കാണ് ബിജെപി കേന്ദ്രസർക്കാരിനുള്ളത്. കശ്മീരിൽ ഇതു നടപ്പാക്കി. ഇത് ഇനി മറ്റു പ്രദേശങ്ങളിലും ആവർത്തിക്കാനാണ് ഉദ്ദേശമെന്നു തോന്നുന്നു.
തികച്ചും ദുരുപദിഷ്ഠിതവും രാഷ്ട്രീയലക്ഷ്യംവച്ചുകൊണ്ടുമുള്ള നീക്കമാണ് തമിഴ്‌നാട്ടിൽ ബിജെപി സ്വീകരിച്ചിട്ടുള്ളത്. ബംഗാൾ വിഭജനത്തിൽ ബ്രട്ടീഷുകാർ നേരിടേണ്ടി വന്നതിനേക്കാൾ വലിയ പ്രതിഷേധമായിരിക്കും തമിഴ്‌നാട്ടിൽ ഉണ്ടാവുക. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്.