‘ട്രാക്കിനും കാറിനും ലിംഗഭേദം ഇല്ല ,ലിംഗഭേദം അപ്രസക്തമാണ്’ വനിതാ റേസർ ടോണി ബ്രെഡിംഗർ

0
74

സൂപ്പർകാർ റേസിംഗ് മേഖലയിൽ സ്ത്രീകൾ കടന്നു വരുന്നത് വളരെ കുറവാണ്. പുരുഷാധിപത്യം നിലനിൽക്കുന്ന ഈ മേഖലയിൽ സ്ത്രീ റേസിംഗ് ഡ്രൈവർമാർ അപൂർവമാണ്. ഇപ്പോഴിതാ ലോക ശ്രദ്ധ നേടിയിരിക്കുകയാണ് വനിതാ റേസിംഗ് ഡ്രൈവർ ടോണി ബ്രെഡിംഗർ.

“നാഷണൽ അസോസിയേഷൻ ഫോർ സ്റ്റോക്ക് കാർ ഓട്ടോ റേസിംഗ് (നാസ്കർ) സീരീസിൽ മത്സരിച്ച ആദ്യത്തെ അറബ്-അമേരിക്കൻ വനിതാ ഡ്രൈവർ എന്ന നിലയിലാണ് ടോണി ശ്രദ്ധിക്കപ്പെട്ടത്.

ഫെബ്രുവരിയിൽ, ഡേടോണ ഇന്റർനാഷണൽ സ്പീഡ്‌വേയിൽ നടന്ന ഓട്ടോമൊബൈൽ റേസിംഗ് ക്ലബ് ഓഫ് അമേരിക്ക (ARCA) മെനാർഡ്സ് സീരീസിൽ 21 വയസുള്ള അറബ്-അമേരിക്കൻ വനിതാ ചരിത്രം കുറിച്ചു. 33 പേരിൽ 18 ആം സ്ഥാനത്താണ് അവർ റേസിംഗ് പൂർത്തിയാക്കിയത്.

അമേരിക്കയിലെ മോട്ടോർ റേസിംഗ് സമീപ വർഷങ്ങളിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതിന്റെ ഭാഗമായി ഈ വർഷം നാസ്കാറിന്റെ വിവിധ സീരീസുകളിൽ പത്ത് സ്ത്രീകൾ പങ്കെടുത്തു.

കാലിഫോർണിയയിലെ ഹിൽസ്‌ബറോയിൽ വളർന്നടോണി ബ്രെഡിംഗറിന്റെ പിതാവാണ് ഒൻപതാം വയസ്സിൽ റേസിംഗിന്റെ ആദ്യ ചുവടുകൾ പകർന്നുനല്കിയത്. കുടുബവും സുഹൃത്തുക്കളും പൂർണമായും പിന്തുണച്ചുവെന്നും ടോണി പറയുന്നു.തുടർന്നു നിരവധി മത്സരങ്ങളിൽ മത്സരിച്ച ടോണി തന്റെ കരിയർ റേസിങ്ങിൽ ഉറപ്പിക്കുകയായിരുന്നു.

റേസ് ട്രാക്ക് ലിംഗഭേദമോ വംശീയതയോ അംഗീകരിക്കുന്നില്ലെന്നും ഹെൽമെറ്റ് അണിഞ്ഞുകഴിഞ്ഞാൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം ഡ്രൈവർമാർ മാത്രമെന്നും ടോണി വ്യക്തമാകുന്നു.

പുരുഷന്മാരാൽ ചുറ്റപ്പെട്ട മേഖലയിൽ ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ ഒരിക്കലും ട്രാക്കിൽ ഒറ്റപ്പെട്ടിട്ടില്ല. ട്രാക്കിന് ലിംഗഭേദം അറിയില്ല, കാറിന് ലിംഗഭേദം അറിയില്ല, അതിനാൽ ലിംഗഭേദം അപ്രസക്തമാണ്. ടിവിയിൽ റേസുകൾ കാണുന്ന യുവതികൾക്കും പെൺകുട്ടികൾക്കും എന്റെ സാന്നിദ്യം ഒരു ആവേശമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ടോണി പറയുന്നു.