‘ഇഡ്ഡലി സിംപിൾ അല്ല പവർഫുൾ ആണ് ‘ ഇതാ വയനാട്ടുകാരന്റെ വിജയഗാഥ

0
89

നമ്മൾ കഴിക്കുന്ന ഇഡ്ഡലി സിംപിൾ അല്ല പവർഫുൾ ആണെന്ന്തെ ളിയിച്ചിരിക്കുകയാണ് വായനാട്ടുകാരൻ പി.സി. മുസ്തഫ. വിദേശ രാജ്യങ്ങളിലെയും ബെംഗളുരുവിലെയും ജോലി ഉപേക്ഷിച്ചു ബാംഗ്ലൂരിൽ ഇഡ്‌ലി-ദോശമാവ് ബിസിനസ് തുടങ്ങി പതിമൂന്ന് വർഷം കൊണ്ട് കോടികളുടെ ലാഭം കൊയ്തു പി.സി. മുസ്തഫ.

വയനാട് ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ നിന്ന് പന്ത്രണ്ടു കിലോമീറ്ററകലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ ജനിച്ച പി.സി. മുസ്തഫ കഠിനാധ്വാനത്തിലൂടെയുള്ള വിജയത്തിന്റെ ഉത്തമ ഉദാഹരണമാണ്.

ബെംഗളൂരുവിലെ ഒറ്റമുറിയിൽ ഗ്രൈൻഡറിൽ അരച്ചുണ്ടാക്കിയ മാവിൽനിന്നു തുടങ്ങിയ സംരംഭം ഇന്ന് പ്രതിവർഷം നൂറു കോടിയിലധികം രൂപയുടെ ഇഡ്‍ഡലി, ദോശ മാവ് വിൽപന നടത്തുന്ന ‘ഐഡി’ എന്ന കമ്പനിയായി മാറിയിരിക്കുകയാണ്.

ഒരു പാർട് ടൈം വരുമാനം എന്ന രീതിയിലാണ് മുസ്തഫ ഇഡ്ഡലി, ദോശ മാവുവിൽപന ആരംഭിക്കുന്നത്. അമ്മാവന്റെ മക്കളായ നാസറും ഷംസുവും ജാഫറും നൗഷാദും ഒപ്പമുണ്ടായിരുന്നു.

അൻപതിനായിരം രൂപ ചെലവിൽ തിപൻസന്ദ്രയിൽനിന്നാണ് ബിസിനസ് യാത്ര ആരംഭിക്കുന്നത്. മുസ്തഫയുടെ കസിൻസിന് അവിടെ പലചരക്കുകടയുണ്ടായിരുന്നു. ‘അന്നു റബർ ബാൻഡ് കൊണ്ടൊക്കെ കെട്ടി പ്ലാസ്റ്റിക് കവറുകളിലായിരുന്നു മാവ് വിറ്റിരുന്നത്.

വാരാന്ത്യങ്ങളിലായിരുന്നു കൂടുതൽ ഡിമാൻഡ്. പക്ഷേ അവയ്‌ക്കൊന്നും വേണ്ടത്ര ഗുണമേന്മ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിപണിയിൽ അവയ്ക്കു വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. അങ്ങനെയാണ് ‘iD Fresh’ എന്നൊരാശയം വന്നത്’- മുസ്തഫ പറയുന്നു.

ഐഡി ഫ്രഷ് ഫുഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തു. ഈ ബിസിനസ് ചുരുങ്ങിയ കാലം കൊണ്ട് ബാംഗ്ലൂരിന്റെ ബിസിനസ് ഭൂപടത്തിൽ വളരെ പെട്ടെന്ന് ഇടം പിടിച്ചു. ഗുണനിലവാരത്തിൽ ഐഡി ഫ്രഷ്ഫുഡിന്റെ ഇഡ്‌ലി മാവിനേയും ദോശമാവിനേയും വെല്ലാൻ മറ്റൊരു ബ്രാൻഡ് ഇല്ലെന്ന് ഉപഭോക്താക്കൾ സമ്മതിക്കുന്നു. പ്രതിദിനം നൂറ് പായ്ക്കറ്റുകൾ എന്ന നിലയ്ക്ക് ഉൽപാദനമാരംഭിച്ച ഈ ബ്രാൻഡ് ആളുകൾ ചോദിച്ച് വാങ്ങിത്തുടങ്ങി.

നൂറുക്കണക്കിന് ഔട്ട്‌ലെറ്റുകളും സൂപ്പർമാർക്കറ്റുകളും ഐഡി ഫ്രഷ്ഫുഡിന്റെ ദോശ-ഇഡ്‌ലി മാവ് പായ്ക്കറ്റുകളാൽ സമൃദ്ധമായി. അത്യാധുനിക വിപണനരീതി, ന്യൂജെൻ സംവിധാനം, ഡിജിറ്റൽ സാങ്കേതിക സമ്പ്രദായം എന്നിവയാണ് ഐഡി ഫ്രഷ് ഫുഡിന്റെ സവിശേഷത.

ഇത് കുടുംബിനികളേയും ഗൃഹനാഥന്മാരേയും കുട്ടികളേയും ഒരു പോലെ ആകർഷിച്ചു. രാസപദാർഥങ്ങളോ, അതിശീതീകൃത സംവിധാനമോ മറ്റ് കൃത്രിമ രീതികളോ ഇല്ലാതെയാണ് ഉൽപാദനരീതിയെന്നത് ഉപഭോക്താക്കളിൽ ഈ ബ്രാൻഡിനെ അനായാസം സ്വീകാര്യമാക്കി.

ബാംഗ്ലൂർ നഗരത്തിൽ 400 ഔട്ട്‌ലെറ്റുകൾ, പ്രതിദിനം നാലായിരം കിലോഗ്രാം ദോശ-ഇഡ്‌ലിമാവ് നിർമാണം എന്നതിൽനിന്ന് 2008 ആയതോടെ കമ്പനി വൻവളർച്ചയിലെത്തി. 2500 ചതുരശ്ര അടിയിൽ കർണാടകയിലെ ഹൊസ്‌കോട്ടെ വ്യവസായ മേഖലയിൽ സ്വന്തമായി ഫാക്ടറി നിർമിച്ചു.

പ്രതിദിനം പത്ത് ലക്ഷം ഇഡ്‌ലി എന്ന നിലയിലേക്ക് കുതിച്ചുയർന്ന സ്ഥാപനം നാലു വർഷം കൂടി കഴിഞ്ഞതോടെ കർണാടകയുടെ അതിര് വിട്ട് ചെന്നൈ, മംഗലാപുരം, മുംബൈ, പൂനെ, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. 2013 ൽ ദുബായിയിലും ശാഖതുടങ്ങി. ദിവസം തോറും 75000 കിലോഗ്രാം ഇഡ്‌ലി-ദോശ മാവ് എന്ന നിലയിലേക്ക് അവിശ്വസനീയമായ വേഗതയിലാണ് ഉൽപാദനശേഷി വളർന്നത്.

നാലു കോടി രൂപ കൂടി നിക്ഷേപിച്ചുകൊണ്ടാണ് കർണാടക ഒഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് ഐഡി ഫ്രഷ് ഫുഡ് വികസിപ്പിച്ചത്. ആ ഒരൊറ്റ വർഷം കൊണ്ട് തന്നെ മൊത്തം നൂറു കോടി രൂപയിലേക്കും തുടർന്നുള്ള രണ്ടു വർഷം കൊണ്ട് ഇരുന്നൂറ് കോടി രൂപയിലേക്കും വാർഷിക വിറ്റുവരവിന്റെ ഗ്രാഫ് ഉയർന്നു.

വ്യവസായ ലോകം തികച്ചും അദ്ഭുതത്തോടെയാണ് ഈ വളർച്ച നോക്കിക്കണ്ടത്. ബിസിനസ് മാസികകളുടെ കവർച്ചിത്രമായി മുസ്തഫയും ഐഡി ഫ്രഷ്ഫുഡും നിറഞ്ഞു.രണ്ടായിരത്തോളം തൊഴിലാളികളുള്ള ഈ സ്ഥാപനത്തിന്റെ അടുത്ത ലക്ഷ്യം ആയിരം കോടിയുടെ വിറ്റുവരവാണ്.

ദോശ, ഇഡ്‌ലി മാവിനു പുറമെ വടയുടെ മാവും ഇവർ പുറത്തിറക്കിത്തുടങ്ങി. അത് കൊണ്ടു തന്നെ ആയിരം കോടി എന്ന ടാർഗറ്റ് തികയ്ക്കാൻ വിഷമമുണ്ടാകില്ലെന്ന ശുഭപ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്ന് മുസ്തഫ പറഞ്ഞു.

സംരംഭകത്വം എന്നത് മൂല്യങ്ങൾ മുറുകെപ്പിടിച്ചു നിർവഹിക്കേണ്ട കാര്യമാണെന്ന വിശ്വാസക്കാരനാണ് മുസ്തഫ. ‘ബിസിനസ്’ എന്നു പറയുമ്പോൾ നെഗറ്റീവ് കാഴ്ചപ്പാടാണ് സമൂഹത്തിൽ പൊതുവിലുള്ളത്. ‘നെറികെട്ട വഴിയിൽ പണമുണ്ടാക്കുന്നവരാണ് ബിസിനസ്സുകാർ’ എന്ന ധാരണയാണ് ഇതിനു കാരണം.

മൂല്യങ്ങൾ മുറുകെപ്പിടിച്ച്‌, നേരിന്റെ മാർഗത്തിൽ ബിസിനസ് ചെയ്യാൻ ഓരോ സംരംഭകനും മുന്നോട്ടുവന്നാൽ സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് മാറ്റാനാകും. സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നവർ ബിസിനസ്സിനെ പരിശുദ്ധമായ പ്രൊഫഷനായി കാണാൻ തയ്യാറാകണമെന്നും മുസ്തഫ പറയുന്നു.