ആയുർവേദ ‘സ്‌മൃതിപർവ’ങ്ങളിൽ ‘പാദമുദ്ര’ ചാർത്തി

0
87

മനോജ് വാസുദേവ്

അനന്തമായ കച്ചവട സാധ്യതയുള്ള ആതുര ശുശ്രൂഷരംഗം, എന്തിനും ഏതിനും നിരക്കുകൾ മനുഷ്യജീവന് വില പറയുന്ന കാലഘട്ടം. ആയുർവേദം കൂടിയാകുമ്പോ ഇതിന്റെ സാധ്യത ഇരട്ടിയിലേറെ. വിദേശങ്ങളിൽ നിന്നുവരെ നിരവധിപേർ ആയുർവേദത്തെ തേടി കേരളത്തിലേക്ക് ഒഴുകിയെത്തിയപ്പോഴും പി കെ വാര്യർ ചികിത്സയെ ഒരിക്കലും കച്ചവടമായി കണ്ടില്ല. ചികിത്സ പ്രതിഫലം വാങ്ങാതെ അനുഷ്ഠിക്കേണ്ട കർമമാണ്, നിയോഗമാണ് എന്ന് എക്കാലവും ഉറച്ചുവിശ്വസിച്ച ഒരു മനുഷ്യന്, ഒരു കമ്യുണിസ്റ്റിന് ഇങ്ങനെയല്ലാതെ ആകാൻ തരമില്ല.
പി കെ വാര്യർ എന്ന ആയുർവേദ ആചാര്യനെ ലോകത്തിന് ലഭിക്കാൻ കാരണക്കാരൻ ഒരു കമ്യൂണിസ്റ്റ് ആചാര്യനാണ്; സാക്ഷാൽ ഇ എം എസ് തന്നെ. ഒരിക്കൽ ഇ എസ് എസ് നൽകിയ ഉപദേശമാണ് ഒരു നിർണായകഘട്ടത്തിൽ തന്റെ ജീവിതം മാറ്റിമറിച്ച ആയുർവേദം പഠിക്കാൻ പ്രേരിപ്പിച്ചത് എന്ന് പി കെ വാര്യർ തൻ്റെ ആത്മകഥയിൽ പറയുന്നുണ്ട്. “ആയുർവേദം പഠിക്കണം എന്ന നിർദേശം പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഒരിക്കൽ ഇ എം എസ്സുമായി ഇക്കാര്യം ചർച്ച ചെയ്തു. എല്ലാ വശങ്ങളും വിശദീകരിച്ച ശേഷം ഇഎംഎസ് പറഞ്ഞു. “മണ്ണാൻ വൈദ്യന്റെ അടുത്തു പോയാൽ കുട്ടികളുടെ രോഗം ചികിത്സിച്ചു മാറ്റാം. പക്ഷേ എങ്ങനെയാണ് മാറിയത് എന്ന് പറയാൻ അയാൾക്ക് അറിയില്ല. അത് കണ്ടുപിടിക്കുകയാണ് നിങ്ങളുടെ ജോലി. ആയുർവേദം ശാസ്ത്രീയമായിത്തന്നെ പഠിക്കണം.” ഇതിന് ശേഷമാണ് പി കെ വാര്യർ വൈദ്യം പഠിക്കാൻ കോളേജിൽ ചേർന്നത്. വിവിധ രാഷ്ട്രത്തലവനമാർ മുതൽ സാധാരണക്കാർ വരെ ചികിത്സ തേടിയെത്തിയപ്പോഴും ‘ശതപൂർണിമ’യുടെ നിറവോടെ അവരെ ചിരിച്ചു എതിരേറ്റു. ശുശ്രൂഷയ്ക്കൊപ്പം സാന്ത്വനവും പകർന്നുനൽകി.
വിദ്യാഭ്യാസകാലത്തേ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി പ്രവർത്തകൻ. ഇഎംഎസിന്റെ നിര്‍ദേശമനുസരിച്ചാണ് 1940ല്‍ വൈദ്യപഠനത്തിന് കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ ചേര്‍ന്നത്. 1942ല്‍ ക്വിറ്റിന്ത്യാ സമരകാലത്ത് പഠിപ്പ് ഉപേക്ഷിച്ചു. എന്നാൽ, കുറച്ചുകാലത്തിനുശേഷം തിരികെ ആയുർവേദത്തിലേക്ക്. പഠിപ്പ് പൂർത്തിയാക്കി കോട്ടക്കൽ ആര്യവൈദ്യശാലയില്‍ 1945ല്‍ ട്രസ്റ്റ് ബോര്‍ഡംഗമായി. ആര്യവൈദ്യശാലയുടെ വൈദ്യശാല ഫാക്ടറിയായ ‘അടുക്കള’യുടെ മാനേജരായി 1947 ൽ ഔദ്യോഗിക ജീവിതം തുടങ്ങി. മാനേജിംഗ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠന്‍ പി എം വാര്യരുടെ മരണശേഷം 1953ല്‍ ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുത്തു.
സാഹിത്യത്തോടും കഥകളിയോടും വലിയ കമ്പം പുലർത്തിയ പി കെ വാര്യർ പിഎസ്‌വി നാട്യസംഘത്തെ നട്ടുനനച്ച് വളർത്തിയെടുത്തു. എന്നും കേരളത്തിലെ വലിയൊരു വിഭാഗം കഥകളി കലാകാരന്മാർക്ക് എന്നും തണലേകി നിന്നതു ഈ കമ്പം തന്നെയായിരുന്നു. മണിമാധവ ചാക്യാര്‍, ഞെരളത്ത് രാമപ്പൊതുവാള്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, തൃത്താല കേശവന്‍ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം എന്നും മറക്കാവതല്ല. ഇതിനൊപ്പം ആഴത്തിലുള്ള വായനയും നിലാവ് പോലെയുള്ള പുഞ്ചിരിയും അദ്ദേഹത്തെ സാഹിത്യാസ്വാദകർക്കും പ്രിയപ്പെട്ടവനാക്കി.
ആയുര്‍വേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യര്‍ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഇതുതന്നെയാണ് ആയുർവേദത്തെ ഇത്രയേറെ ലോകപ്രശസ്തമാക്കിയതും. ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ജനകീയനായ അദ്ദേഹം സാധാരണക്കാർ വരെയുള്ളവരുമായുള്ള വ്യക്തിബന്ധങ്ങള്‍ക്ക് വില കല്‍പ്പിച്ചു. 1921ല്‍ കെ ടി ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചി വാരസ്യാരുടെയും ആറു മക്കളില്‍ ഇളയവനായാണ് ജനനം. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനം നല്‍കിയ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ഇക്കാലമത്രയും. ‘സ്മൃതിപര്‍വം’ എന്ന ആത്മകഥയും ‘പാദമുദ്രകള്‍’ ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു. പത്മശ്രീ (1999), പത്മഭൂഷണ്‍ (2010) പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ടിലേറെ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി പ്രവര്‍ത്തിച്ചു. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചു.