ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു

0
61

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി കെ വാരിയര്‍ അന്തരിച്ചു. 100 വയസായിരുന്നു. കോട്ടയ്ക്കലിലെ വീട്ടില്‍ വച്ച് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്. പത്മഭൂഷന്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
1921ല്‍ തലപ്പണത്ത് ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറു മക്കളില്‍ ഇളയവനായാണ് പന്നിയമ്ബള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്ന പി കെ വാരിയരുടെ ജനനം. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം സമർപ്പിച്ചു. ധന്വന്തരി പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്കാരം, സി.അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാരിയരെത്തേടിയ ബഹുമതികളില്‍ ചിലതുമാത്രം. കേരള ആയുര്‍വേദ മണ്ഡലം, അഖിലേന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌മൃതിപര്‍വമെന്ന പേരില്‍ രചിച്ച ആത്മകഥ സംസ്‌ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.
പരേതയായ കവയത്രി മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍: ഡോ. കെ ബാലചന്ദ്രന്‍ വാരിയര്‍, പരേതനായ കെ വിജയന്‍ വാരിയര്‍, സുഭദ്ര.മരുമക്കള്‍: രാജലക്ഷ്മി, രതി, കെ വി രാമചന്ദ്രന്‍ വാരിയര്‍.