കേരളത്തിന്റെ പുതിയ മുന്നേറ്റത്തിനായി സിപിഐ എം പ്രവർത്തിക്കും: എ വിജയരാഘവൻ

0
94

കേരളത്തിന്റെ വികസനത്തിലും ഭാവിയിലും തൽപരരായ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് നാടിന്റെ പുതിയ മുന്നേറ്റത്തിനായി സിപിഐ എം പ്രവർത്തിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവൻ. കേരളത്തിന്റെ സമഗ്രമാറ്റത്തിന് കാരണം ഇടതുമുന്നണിയാണ്.

കേരള മാതൃകയുടെ വളർച്ചയ്‌ക്കായി പുതിയ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിന് സഹായകരമായ രൂപത്തിൽ പാർടിയുടെ അടിത്തറയും ഗുണപരമായ മികവും മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്തും. രണ്ടുദിവസം നീണ്ട സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പാർടി വിദ്യാഭ്യാസ പരിപാടികൾ വിപുലീകരിക്കും. രാഷ്ട്രീയവും സംഘടനാപരവുമായ കുറവുകളെ പരിഹരിച്ച് തിരുത്തും. സമൂഹത്തിൽ യുക്തിബോധവും ശാസ്ത്രബോധവും വളർത്താനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും.

സമൂഹത്തിന്റെ പൊതുബോധത്തെ വലതുപക്ഷവത്കരിക്കാനുള്ള പരിശ്രമങ്ങളെ പരാജയപ്പെടുത്തും. കേരളത്തിന്റെ പുരോഗതിയും മികവാർന്ന ജനകീയ അടിത്തറയും ആശയപ്രത്യയശാസ്ത്ര കെട്ടുറപ്പുമുള്ള പാർടിയായി സിപിഐ എമ്മിനെ മാറ്റണമെന്നും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട 20 ചുമതലകൾ സംസ്ഥാനകമ്മിറ്റി അംഗീകരിച്ചു. ഇത് പാർടിക്കകത്ത് റിപ്പോർട്ട് ചെയ്യും.

സിപിഐ എമ്മിനും ഇടതുപക്ഷ ജാധിപത്യ മുന്നണിക്കും മികച്ച വിജയം നൽകി എന്ന വസ്തുതയിൽ നിന്നുകൊണ്ടാണ് സംസ്ഥാനകമ്മിറ്റി കാര്യങ്ങൾ വിശകലനം ചെയ്തതെന്നും വിജയരാഘവൻ പറഞ്ഞു. സ്വതന്ത്രർ ഉൾപ്പെടെ 67 സ്ഥാനങ്ങളിലാണ് സിപിഐ എം ജയിച്ചത്.

കേരള ചരിത്രത്തിൽ ഒരു രാഷ്ട്രീയപാർടിക്ക് കിട്ടിയ ഏറ്റവും കൂടുതൽ എംഎൽഎ സ്ഥാനങ്ങളാണിത്. കഴിഞ്ഞകാലങ്ങളിലേതുപോലെ ഈ സർക്കാരിനെയും അട്ടിമറിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അഞ്ചുവർഷക്കാലവും നടന്നു. അവസാന വർഷമായപ്പോൾ കേന്ദ്രസർക്കാർ തന്നെ നേരിട്ടിടപെട്ടു. തുടങ്ങി.

യുഡിഎഫ്-ബിജെപി-കേന്ദ്ര ഏജൻസികൾ ഇവരെല്ലാം ഒരുമിച്ച് കൈകോർത്താണ് എൽഡിഎഫ് തുടർഭരണം ഒഴിവാക്കാൻ പ്രവർത്തിച്ചത്. ഇവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ഇടതുപക്ഷം അധികാരത്തിൽ വരാതിരിക്കാൻ പ്രവർത്തിച്ചു. എന്നാൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇടതുമുന്നണിയെ പിന്തുണച്ചു.

എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് മികച്ച പ്രവർത്തനമാണ് നടത്തിയത്. പോരായ്മകൾ സംഭവിച്ചയിടങ്ങൾ ഗൗരവപൂർമാണ് പാർടി പരിഗണിക്കാറുള്ളത്. മുന്നണി നേതാക്കൾ മത്സരിച്ച പാലാ, കൽപറ്റ മണ്ഡലങ്ങളും ജയിക്കേണ്ടിയിരുന്ന ചില മണ്ഡലങ്ങളിലും സംഘടനാപരമായ പോരായ്മ ഉണ്ടായിട്ടുണ്ട്.

പോരായ്മകൾ തിരുത്തുക എന്നത് പാർടിയെ സംബന്ധിച്ച് ആവശ്യമാണ്. ആ നിലയിൽ പരാജയപ്പെട്ട ചില മണ്ഡലങ്ങളിലെ പോരായ്മകൾ പരിശോധിക്കാൻ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനം സംബന്ധിച്ച ചില പരാതികൾ കിട്ടിയിരുന്നു. പാർടി അത് പരിശോധിക്കും.

വലിയ വിജയത്തിനുമുന്നിൽ വന്നുചേർന്ന പരിമിതികളെ കാണാതെ പോകില്ല. ഭാവിയിൽ സംഭവിക്കാതിരിക്കാൻ പരിശോധനകളും തിരുത്തലുകളും സ്വീകരിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.