SPECIAL REPORT… ബിജെപി നിധി തട്ടിപ്പ്, ആർഎസ്എസ് നേതാവ് തട്ടിയത് ലക്ഷങ്ങൾ,നിക്ഷേപത്തെച്ചൊല്ലി ചേരിപ്പോര്

0
134

അനിരുദ്ധ്.പി.കെ

ചെറുപ്പുളശ്ശേരിയിലെ എച്ച് ഡി ബി നിധി ബാങ്ക് തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ആർ എസ് എസ് പ്രാദേശിക നേതാവ് സുരേഷ് കൃഷ്ണ ലക്ഷങ്ങൾ തട്ടിയെന്നാണ് പുറത്ത് വരുന്ന വിവരം. എച്ച് ഡി ബി നിധിയിലേക്കുള്ള നിക്ഷേപത്തിൽ നിന്നും ലക്ഷകണക്കിന് രൂപ ബോർഡ് ചെയർമാനായ സുരേഷ് കൃഷ്ണ തട്ടിയെന്നാണ് ബോർഡ് അംഗങ്ങളുടെയും നിക്ഷേപകരുടെയും ആരോപണം. കോവിഡ് ആദ്യ തരംഗമുണ്ടായ കാലത്താണ് ചെറുപ്പുളശ്ശേരി അടിസ്ഥാനമാക്കി എച്ച് ഡി ബി നിധി എന്ന പേരിൽ പണമിടപാട് സ്ഥാപനം ആരംഭിക്കുന്നത് എന്നാൽ ഒന്നര വര്ഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇക്കാലയളവിനിടയിൽ നിധിയിലേക്കുള്ള നിക്ഷേപം യഥാക്രമം സ്വീകരിച്ചിരുന്നു. ചെക്കുകളായും പണമയുമാണ് നിക്ഷേപം സ്വീകരിച്ചത്. ആർ എസ് എസ്സിന്റെ സജീവ പ്രവർത്തകരും, ബിജെപി പ്രാദേശിക നേതാക്കളും ഉൾപ്പെടുന്ന ഒൻപതു പേരാണ് ബോർഡ് അംഗങ്ങളായി ചുമതലയേറ്റത്. ഇതിൽ സുരേഷ് കൃഷ്ണ ബോർഡ് ചെയർമാനായി ചുമതലയേറ്റു. സുരേഷിനെ കൂടാതെ മറ്റു രണ്ടു പേരും ബോർഡ് എക്സിക്യൂട്ടിവ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ബോർഡ് അംഗങ്ങളുടെ വ്യക്തി സ്വാധീനങ്ങളും പരിചയവും ഉപയോഗിച്ച് നിരവധിയാളുകളുടെ കയ്യിൽ നിന്നും വലുതും ചെറുതുമായ തുകകളായി നിക്ഷേപം സ്വീകരിച്ചു. ഒരു വർഷമായിട്ടും നിധിയുടെ പ്രവർത്തനം ആരംഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർക്ക് സംശയം ജനിക്കുന്നത്. ഇക്കാലയളവിനിടയിൽ സുരേഷിന്റെ വ്യക്തി ജീവിതത്തിൽ വന്ന മാറ്റങ്ങളും, ഉണ്ടായ ധനവളർച്ചയും സംശയത്തെ ബലപ്പെടുത്തി. എച്ച് ഡി ബി നിധിയുടെ കണക്ക് ബോർഡ് മീറ്റിംഗിൽ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു എന്നാൽ സുരേഷ് വിസമ്മിതിക്കുകയായിരുന്നു.തുടർന്നാണ് ബോർഡ് അംഗങ്ങളിൽ ഒരു വിഭാഗം നിധിയുടെ പ്രവർത്തനങ്ങൾ നിന്നും മാറി നിൽക്കാൻ തീരുമാനിക്കുകയും, രാജി സന്നദ്ധത അറിയിച്ച് പണം മടക്കി നൽകാൻ ആവശ്യപ്പെട്ടത്, ഇതോടെ സുരേഷ് ഒഴിഞ്ഞു മാറുകയും ചെയ്തു ഈ സാഹചര്യത്തിൽ നിക്ഷേപകർ നിയമനടപടിയിലേക്ക് കടക്കുകയായിരുന്നു. തുടർന്നാണ് ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള നിധിയിലെ സാമ്പത്തിക തട്ടിപ്പ് പുറത്ത് വരുന്നത്.

കണക്കിലെ കളികൾ

എച്ച് ഡി ബി നിധി ലിമിറ്റഡിന്റെ നിക്ഷേപം സംബന്ധിച്ച് സുരേഷ് കൃഷ്ണയ്ക്കും, ബോർഡ് അംഗങ്ങൾക്കും വ്യത്യസ്തമായ കണക്കാണ് അവതരിപ്പിക്കാനുള്ളത്. നിധിയുടെ ആകെ നിക്ഷേപം മുപ്പത് ലക്ഷം രൂപയാണ് എന്നാണ് ചെയർമാൻ സുരേഷ് കൃഷ്ണയുടെ പക്ഷം.എന്നാൽ എഴുപത് ലക്ഷം രൂപ നിക്ഷേപമായി ലഭിച്ചിട്ടുണ്ട് എന്ന് ബോർഡ് അംഗം നേരറിയാനോട് വെളിപ്പെടുത്തി.പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട് എന്നും അത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് എന്നും സുരേഷ് കൃഷ്ണ പറയുന്നു എന്നാൽ ബോർഡ് അംഗങ്ങൾ അറിഞ്ഞിട്ടില്ലെന്നും, സുരേഷിന്റെ ധനവളർച്ചയും പുതിയ വാഹനങ്ങൾ വാങ്ങിയതും കണ്ടപ്പോഴാണ് തുക വകമാറ്റി ചെലവഴിക്കുന്നതായി സംശയമുണ്ടായതെന്നും ബോർഡ് അംഗം വ്യക്തമാക്കുന്നു. എച്ച് ഡി ബി യുടെ ആവശ്യത്തിന് എന്ന വ്യാജേന വാങ്ങിയ ഈക്കോ വാഹനങ്ങൾ ഇപ്പോൾ സുരേഷിന്റെ സ്വന്തം ബിസിനസ് സ്ഥാപനമായ ഗായത്രി ഏജൻസിസിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ബോർഡ് അംഗങ്ങൾ പറയുന്നു. ബോർഡിൻറെ എക്സിക്യൂട്ടീവ് അംഗം അനിലിനോട് ആദ്യം മുതൽ തന്നെ ചില അസ്വാരസ്യങ്ങൾ സുരേഷിനുണ്ടായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന അനിലിന്റെ ഒപ്പുകൾ ബ്ലാങ്ക് ചെക്കിൽ വാങ്ങി വെച്ചിരുന്നു, സുരേഷിന് പിന്തുണ നൽകുന്ന രണ്ടാമത്തെ അംഗത്തെ വശത്തതാക്കിയതോടെ ഈ ബ്ലാങ്ക് ചെക്കുകൾ ഉപയോഗിച്ചാണ് പണം തട്ടിയുണ്ടാക്കുക എന്നും ബോർഡിലെ അംഗങ്ങൾ സംശയിക്കുന്നുണ്ട്. അതേസമയം ബോർഡിലെ പല അംഗംങ്ങളും തവണകളായി നിക്ഷേപത്തിന്റെ ഭാഗമായി കിട്ടിയ തുക വ്യക്തിപരമായ ആവശ്യത്തിന് കടം എന്ന നിലയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് നൽകാത്തതിനാൽ തന്നോടുള്ള വിദ്വേഷം തീർക്കുകയാണ് എന്നുമാണ് സുരേഷിന്റെ പക്ഷം. എല്ലാത്തിനും തന്റെ കയ്യിൽ തെളിവുണ്ടെന്നും താൻ കള്ളം ചെയ്തിട്ടില്ലെന്നും സുരേഷ് പറയുന്നു.

ചോദ്യങ്ങളും ചേരിപ്പോരും

ഒരുവർഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് നിധിയുടെ പ്രവർത്തനം തുടങ്ങാൻ കഴിയാത്തത് ? എന്തുകൊണ്ടാണ് കണക്ക് അവതരിപ്പിക്കാൻ സുരേഷ് വിസമ്മിതിക്കുന്നത് ? നിക്ഷേപകർക്ക് പണം മടക്കി നല്കാൻ കഴിയാത്ത എന്തുകൊണ്ടാണ് ? നിധിയുടെ പ്രവർത്തനം ഇനിയെങ്കിലും തുടങ്ങാൻ കഴിയുമോ ? തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് സുരേഷ് കൃഷ്ണയും കൂട്ടരും മറുപടി നൽകേണ്ടി വരും. കോവിഡ് കാലത്തും മുണ്ടു മുറുക്കിയുടുത്ത് മനുഷ്യർ നൽകിയ പണമാണ്, അവരുടെ പ്രതീക്ഷകളാണ് തട്ടിയെടുക്കപ്പെട്ടിരിക്കുന്നത്. നിധിയുടെ ബോർഡിലെ മുഴുവൻ അംഗങ്ങളും സംഘപരിവാറിന്റെ പ്രാദേശിക നേതാക്കളും ബിജെപി നേതാക്കളും ആണെന്നിരിക്കെ ചേരി തിരിഞ്ഞുള്ള ഈ പോരിന് പിന്നിൽ മറ്റെന്തെങ്കിലും നിഗൂഢതകളുണ്ടോ എന്നും സംശയം ഉയരുന്നുണ്ട്. ചില ഇന്റെര്ണല് വിഷയങ്ങൾ ഉണ്ടെന്നും അത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല എന്നും സുരേഷ് കൃഷ്ണ പറയുന്നു.തന്റെ ജീവനും സ്വത്തിനും എന്തപകടം സംഭവിച്ചാലും അത് പാലക്കാട്ടെയും ചെറുപ്പുളശ്ശേരിയിലെയും ആർ എസ് എസ്, ബിജെപി നേതാക്കളുടെ കൈകൊണ്ടാവും എന്നും വീടുകയറി അക്രമം വരെ നടന്നു കഴിഞ്ഞു എന്നും സുരേഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
എന്തായാലും ബിജെപി യുടെ പ്രാദേശിക നേതൃത്വം മുഖ്യപങ്ക് വഹിച്ച മറ്റൊരു പണത്തട്ടിപ്പ് കേസ് കൂടി പുറത്ത് വരികയാണ്. രാജ്യസ്നേഹവും ആർഷ ഭാരത സംസ്കാരവും ഒക്കെ പറയുന്ന ബിജെപി യുടെ തനിനിറമാണ് മറ നീക്കി പുറത്ത് വരുന്നത്.