BREAKING…ചെർപ്പുളശ്ശേരി ബാങ്ക് തട്ടിപ്പ്, “ഹിന്ദു ബാങ്ക്” പൂട്ടി, ആർ എസ് എസ് നേതാക്കൾ മുക്കിയത് ലക്ഷങ്ങൾ

0
87

അനിരുദ്ധ്.പി.കെ

ചെറുപ്പുളശ്ശേരിയിലെ എച്ച് ഡി ബി നിധി ബാങ്ക് അടച്ചു പൂട്ടി.നിക്ഷേപകരുടെ കോടികണക്കിന് രൂപ തട്ടിയാണ് ബാങ്ക് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. ചെറുപ്പുളശ്ശേരിയിലെ പ്രാദേശിക ആർ എസ് എസ്, ബി ജെ പി നേതാക്കളുടെ മേൽനോട്ടത്തിൽ ആരംഭിച്ച എച്ച് ഡി ബി നിധി (പ്രാദേശികമായി ഹിന്ദു ബാങ്ക് എന്ന പേരിലാണ് പ്രചരിപ്പിച്ചിരുന്നത് ) ഒന്നരവർഷത്തിനകം കോടികണക്കിന് രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു. നിക്ഷേപം സംബന്ധിച്ച് യാതൊരു വിധ തുടർപ്രവർത്തനങ്ങളും നടക്കാതെ വന്നതോടെയാണ് നിക്ഷേപകർക്ക് സംശയമുണ്ടായത്. തുടർന്ന് പണം മടക്കി ചോദിച്ചെങ്കിലും നല്കാൻ കഴിയാതെ വന്നതോടെയാണ് സ്വകാര്യ ബാങ്ക് പൂട്ടിയത്. ബാങ്കിനെതിരെ 15 ഓളം നിക്ഷേപകർ നിയമനടപടിയിലേക്ക് കടന്നു. 97 ലക്ഷം രൂപ ഇവരിൽ നിന്നും നിക്ഷേപമായി ബാങ്ക് സ്വീകരിച്ചിട്ടുണ്ട് എന്നാൽ മടക്കി നൽകിയിട്ടില്ല. പണം തിരികെ നല്കാൻ നടപടിയുണ്ടാകണം എന്ന് ചൂണ്ടിക്കാട്ടി ചിലർ ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

പ്രദേശത്തെ ആർ എസ് എസ് നേതാവും, ബിജെപി സോഷ്യൽ മീഡിയ നിയന്ത്രണ ചുമതലയുമുള്ള സുരേഷ് കൃഷ്ണയാണ് ബാങ്കിന്റെ ചെയർമാൻ. ചെർപ്പുളശ്ശേരി, ഷൊർണ്ണൂർ ഭാഗത്തെ ആർ എസ് എസ്, ബിജെപി നേതാക്കളായ ഒൻപത് പേരടങ്ങുന്നതാണ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡ്. ബാങ്ക് അധികൃതരുമായി അസ്വാരസ്യമുണ്ടായതോടെ നിക്ഷേപം തിരികെ ചോദിച്ചതോടെയാണ് പണം നൽകാതെ ബാങ്ക് പൂട്ടിയത്.

നിക്ഷേപം തിരികെ നൽകിയില്ല എന്ന് മാത്രമല്ല ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ വാടകയും മാസങ്ങളായി കുടിശ്ശികയാണ്. ബാങ്കിനെ പ്രാദേശിക തലത്തിൽ ഹിന്ദു ബാങ്ക് എന്ന നിലയിലാണ് പ്രചരിപ്പിച്ചിരുന്നത്. കൊടകര കുഴൽപ്പണ വിവാദം ഉൾപ്പടെ നിരവധി പണത്തട്ടിപ്പ്, കോഴ വിവാദങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ചെറുപ്പുളശ്ശേരിയിൽ ബിജെപിയുടെ ബാങ്ക് തട്ടിപ്പും പുറത്ത് വരുന്നത്. നിക്ഷേപകരിൽ ആർ എസ് എസ്, ബിജെപി പ്രവർത്തകരും അനുഭാവികളും ഉള്ളതിനാൽ വിഷയം സംഘടനാപരമായും ബിജെപിക്ക് ദോഷം ചെയ്യും. പാലക്കാട് ജില്ലയിലെ ആർ എസ് എസ്, ബിജെപി നേതാക്കളിലേക്കും ചങ്ങല നീളുമെന്നാണ് പുറത്ത് വരുന്ന വിവരം.