സംസ്ഥാനത്തെ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷനായി വേവ്: ‘വാക്‌സിൻ സമത്വത്തിനായി മുന്നേറാം’ (WAVE: Work Along for Vaccine Equity) എന്ന പേരിൽ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരെ വാക്‌സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. ആശാവർക്കർമാരുടെ സേവനം ഉപയോഗിച്ചാണ് ഈ ക്യാമ്പയിൻ നടത്തുന്നത്. ഇതിനാവശ്യമായ ചെലവുകൾ കോവിഡ് ഫണ്ടുകളിൽ നിന്ന് എൻഎച്ച്എം വഴി നികത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വാർഡ് തലത്തിലായിരിക്കും രജിസ്‌ട്രേഷൻ പ്രക്രിയ പ്രവർത്തിക്കുക. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഓരോ പഞ്ചായത്തിലും ഓരോ ആശാവർക്കർമാർ ഉള്ളതിനാൽ ആ പ്രദേശത്ത് വാക്‌സിൻ കിട്ടാതെ പോയ ആൾക്കാരെ കണ്ടെത്തിയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ആ വാർഡിൽ വാക്‌സിനെടുക്കാത്ത 18 വയസിന് മുകളിലുള്ള എല്ലാവരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആശാ വർക്കർമാർ ഉറപ്പ് വരുത്തും.
ഇതുകൂടാതെ സ്മാർട്ട് ഫോണുള്ള വ്യക്തികളെ സ്വയം രജിസ്റ്റർ ചെയ്യാൻ ആശാവർക്കർമാർ പ്രോത്സാഹിപ്പിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ആശാവർക്കർമാർ വീട്ടിൽ സന്ദർശനം നടത്തി രജിസ്റ്റർ ചെയ്യിപ്പിക്കേണ്ടത്. കോവിനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കാണിക്കുന്ന ഒരു വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതാണ്.
ആ പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്‌ട്രേഷൻ പ്രക്രിയ സുഗമമാക്കുന്നത്. ആവശ്യമെങ്കിൽ ദിശ കോൾ സെന്ററിൽനിന്ന് കൂടുതൽ സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സും രജിസ്‌ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും. വാക്‌സിൻ സ്‌റ്റോക്കിന്റെ ലഭ്യത അടിസ്ഥാനമാക്കി ഇവർക്ക് വാക്‌സിൻ നൽകുന്നതാണ്. ജില്ലയിൽ നിന്നോ പെരിഫറൽ തലത്തിൽ നിന്നോ വാക്‌സിനേഷന്റെ ഷെഡ്യൂളിംഗ് നടത്തുകയും വ്യക്തികളെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ അറിയിക്കുകയും ചെയ്യും.