Wednesday
17 December 2025
30.8 C
Kerala
HomeKeralaഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

 

സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം ഉറപ്പ് വരുത്തുന്നതിനാണ് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നത്. അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാർട്ട് പേപ്പറുകൾ, ക്രയോൺ എന്നിവയാണ് കിറ്റിലുള്ളത്. പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള പ്രീ സ്‌കൂൾ കിറ്റ് നൽകി കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

ഇത്തരത്തിലുള്ള മുഴുവൻ കുട്ടികൾക്കും പ്രീ സ്‌കൂൾ കിറ്റെത്തിക്കുന്ന പ്രവർത്തനം വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം മുടങ്ങാതിരിക്കാനാണ് 2020 ജൂൺ മാസം മുതൽ വനിത ശിശുവികസന വകുപ്പ് കിളിക്കൊഞ്ചൽ എന്ന പരിപാടി വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ചത്. 2021ൽ അതിന്റെ രണ്ടാം ഭാഗവും ആരംഭിച്ചു.

എങ്കിലും ഇന്റർനെറ്റും ടി.വി. സിഗ്‌നലുകൾ ഇല്ലാത്തതും കാരണം കുറേ കുട്ടികൾക്ക് ഇത് കാണാൻ സാധിക്കാതെ വരുന്നെന്ന് മനസിലായി. ഇത്തരം കൂട്ടികളെ കൂടി പ്രീ സ്‌കൂൾ പഠനത്തിന്റെ ഭാഗമാക്കാനാണ് ഇത്തരമൊരു പദ്ധതി വകുപ്പ് ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ അഷറഫ്, ജില്ലാ വനിത ശിശുവികസന ഓഫീസർ തസ്നിം, പ്രോഗ്രാം ഓഫീസർ നിഷ നായർ, സിഡിപിഒ സിന്ധു, സൂപ്പർവൈസർ ജയമോൾ, അങ്കണവാടി വർക്കർ ബിന്ദു എന്നിവർ പങ്കെടുത്തു.

 

RELATED ARTICLES

Most Popular

Recent Comments