കോഴിക്കോട് രാമനാട്ടുകര ബൈപാസിൻറെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി നടത്തണമെന്ന് ഇന്നലെ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ കരാറെടുത്ത കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയിരുന്നു.
രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് കിട്ടണം എന്നും കുഴികൾ അടിയന്തിരമായി അടക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും എന്നും മന്ത്രി കരാർ കമ്പനിയോട് പറഞ്ഞു.ഇന്ന് റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. കളക്ടറോടൊപ്പം മന്ത്രിയും സ്ഥലം സന്ദർശിച്ചു.
ബൈപാസ് ആറുവരി പാത വികസനം മുടങ്ങി നിൽക്കുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടിയന്തര യോഗം വിളിച്ച് ചേർത്തത്. രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിപാതയായി വികസിപ്പിക്കുന്നതിന് 2018 ഏപ്രിലിൽ കരാർ ഉറപ്പിച്ചിട്ടും പദ്ധതിയുടെ നിർമ്മാണം ഇനിയും തുടങ്ങാത്തതിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നായിരുന്നു മന്ത്രിയുടെ വിമർശനം.
കരാറുകാർക്ക് പല തവണ കത്ത് നൽകിയെങ്കിലും പ്രശ്നം പരിഹരിച്ചില്ലെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. കരാർ ഏറ്റെടുത്ത കെ. എം. സി കൺസ്ട്രക്ഷൻ കത്തിന് മറുപടി പോലും നൽകാൻ കൂട്ടാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
കരാർ കമ്പനിക്കെതിരേ കർശന നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിയായി വികസിപ്പിക്കുന്നത്. 2018 ഏപ്രിലിൽ കരാർ ഉറപ്പിച്ച ഏഴു മേൽപാലങ്ങൾ ഉൾപ്പെടെയുള്ള ബൃഹദ് പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപ്പാത. രണ്ടു വർഷമായിരുന്നു കരാർ കാലാവധി. 2020 ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. എന്നാൽ കരാർ കമ്പനിയുടെ അനാസ്ഥ കാരണം നിർമാണപ്രവൃത്തി നടന്നില്ല. കെ. എം. സി കൺസ്ട്രഷൻ കമ്പനിയാണ് കരാറുകാർ.
മഴക്കാലത്ത് ദേശീയപാതയിൽ കുഴികൾ രൂപപ്പെടുന്നത് യാത്രക്കാരുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി തവണ കത്തെഴുതിയിട്ടും പ്രശ്നം പരിഹരിക്കാൻ കരാറുകാർ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ കരാറുകാർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒരുതരത്തിലും ഇത്തരം സമീപനം പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയെ മാറ്റുന്നതുൾപ്പെടെയുള്ള കാര്യം ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് യോഗം ചേരും. കോഴിക്കോട് ബൈപാസ് ആറുവരിപ്പാത വികസനവും മാഹി ബൈപാസും വളരെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. റോഡ് പ്രവൃത്തിയുടെ വേഗത കൂട്ടാൻ ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുമായി സംസാരിക്കാൻ ഡൽഹിയിലേക്ക് ഒരു സംഘം അടുത്തു തന്നെ പോകുമെന്ന് മന്ത്രി പറഞ്ഞു.
അവലോകന യോഗത്തിൽ വനംവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.വി ശ്രേയാംസ് കുമാർ എം. പി, എം. കെ രാഘവൻ എം.പി, എം.എൽ.എമാരായ പി.ടി.എ റഹീം, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സാംബശിവ റാവു, കരാർ കമ്പനി പ്രതിനിധികൾ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.