സഹകരണമേഖലയിൽ കർമ്മ പദ്ധതിയുമായി സർക്കാർ

0
101

 

സഹകരണ ദിനത്തോട് അനുബന്ധിച്ച് സഹകരണ മേഖലയിൽ കർമ്മപദ്ധതി പ്രഖ്യാപിക്കുന്നതായി സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

സഹകരണ മേഖലയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിന് യുവസംരംഭകർക്കും സേവനദാതാക്കൾക്കുമായി സഹകരണ സംഘങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് നടപടികൾ തുടങ്ങി. നിലവിൽ 41 ഗ്രൂപ്പുകളായി സംഘം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സഹകരണസംഘങ്ങൾ/ ബാങ്കുകൾവഴി പലിശരഹിതവായ്പ നൽകുന്ന വിദ്യാതരംഗിണി പദ്ധതി നടപ്പാക്കുന്നുണ്ട്. ഒന്നു മുതൽ 12 വരെയുളള ക്ളാസ്സുകളിലേക്ക് ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കാൻ മൊബൈൽ ഫോണുകൾ വാങ്ങാൻ സഹകരണസംഘങ്ങൾ/ ബാങ്കുകൾവഴി പലിശരഹിതവായ്പ അനുവദിക്കുന്ന പദ്ധതിയാണ് വിദ്യാതരംഗിണി. കേരള ബാങ്കുവഴിയും ഈ വായ്പാ ലഭ്യമാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരത്തിൽ 8000 വായ്പകൾ ബാങ്ക് നൽകും.

ഗുരുതര ആരോഗ്യപ്രശ്നങ്ങൾമൂലം കഷ്ടപ്പെടുന്ന സഹകാരികൾക്ക് അടിയന്തിരസഹായം ലഭ്യമാക്കാനായി കേരള സഹകരണ അംഗ സമാശ്വാസനിധി അഥവാ മെമ്പർ റിലീഫ് ഫണ്ട് പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നൽകിയതായി മന്ത്രി അറിയിച്ചു. പദ്ധതി വഴി 11194 പേർക്ക് 23.94 കോടി രൂപയുടെ ധനസഹായമാണ് കേരളത്തിലെ സഹകാരികൾക്ക് ലഭ്യമാകാൻ പോകുന്നത്. 14 ജില്ലകളിലും ഈ ആനുകൂല്യ വിതരണം ഉടൻ പൂർത്തിയാക്കും.

മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമ്മിക്കാൻ സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ ഫ്ളാറ്റ്സമുച്ചയ നിർമ്മാണം അതിവേഗത്തിൽ നീങ്ങുകയാണെന്ന് മന്ത്രി അറിയിച്ചു. തൃശൂർ പഴയന്നൂർ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിലയ്ക്കു വാങ്ങിയ 1.06 ഏക്കർ സ്ഥലത്താണ് ഫ്ളാറ്റ് പണിയുന്നത്.

ഭൂരഹിത ഭവന രഹിതർക്കായുള്ള ഫ്ളാറ്റുകളുടെ നിർമ്മാണമാണ് ഈ ഘട്ടത്തിലുള്ളത്. ഈ സമുച്ചയത്തിൽ 40 ഭവനങ്ങൾ ഉണ്ടാകും. 450 മുതൽ 500 വരെ സ്‌ക്വയർ ഫീറ്റ് വീസ്തീർണ്ണം ഓരോ ഫ്ളാറ്റിനും ഉണ്ടാകും. തൃശൂർ ജില്ലയിലെ ഫ്ളാറ്റ് സമുച്ചയത്തിൽ പത്തു ബ്ലോക്കുകളാണുള്ളത്. ഓരോന്നിലും നാലു ഫ്ളാറ്റുകൾ വീതം. ഓരോ സമുച്ചയവും ഇരുനിലകളിലായി നാലു ഫ്ളാറ്റുകൾ ചേർന്നതാണ്. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം ഉണ്ടാകും.

പ്രാഥമിക ബാങ്കുകളും കേരളബാങ്കും തമ്മിലുള്ള ഐ.ടി ഏകീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചു. സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയിൽ സഹകരണ മേഖല 10,000 തൊഴിൽ സൃഷ്ടിക്കും.

2021 ജൂലൈ 3 മുതൽ 2022 മാർച്ച് 31 വരെ നടത്തുന്ന ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് സഹകരണവകുപ്പ് കോപ് ഡേ പുരസ്‌കാരം എന്ന പേരിൽ അടുത്ത വർഷത്തെ സഹകരണദിനത്തിൽ പുരസ്‌കാരം നൽകുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ നൽകിവരുന്ന പുരസ്‌കാരങ്ങൾക്ക് പുറമേ അടുത്തവർഷം മുതൽ രണ്ടു പുരസ്‌കാരങ്ങൾ കൂടി ഉണ്ടാകും.

വർഷംതോറും സഹകരണരംഗത്ത് സമഗ്ര സംഭാവന നൽകി വരുന്ന മികച്ച സഹകാരികൾക്ക് വരുംവർഷങ്ങളിൽ റോബർട്ട് ഓവൻ പുരസ്‌കാരം നൽകും. സഹകരണ വകുപ്പിലെ മികച്ച ഉദ്യോഗസ്ഥർക്ക് വരും വർഷങ്ങളിൽ പുരസ്‌കാരം നൽകും.

സഹകരണമേഖലയിൽ ഇതിനുപുറമേ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുന്നുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പ്രാഥമിക സംഘങ്ങളെ കോർ ബാങ്കിംഗിന്റെ ഭാഗമാക്കും.

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകും. ബ്ലേഡ് മാഫിയക്കെതിരെ ഗ്രാമീണ ജനതയെ സംരക്ഷിക്കാനായി ആരംഭിച്ച മുറ്റത്തെ മുല്ല പദ്ധതി വിപുലീകരിക്കും.

സംസ്ഥാനത്തെ എല്ലാ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലും കോർ ബാങ്കിംഗ് നടപ്പാക്കും.കലാകാരൻമാർക്കും സംഗീതവുമായി ബന്ധപ്പെട്ടവർക്കും പുതിയ സഹകരണ സംഘം രൂപീകരിക്കും.

കോട്ടയത്തെ അക്ഷരമ്യൂസിയം പദ്ധതി, കോപ്പറേറ്റീവ് ഉത്പന്നങ്ങളുടെ ബ്രാൻറിംഗ്, അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി, സമഗ്ര നിയമ പരിഷ്‌കരണം എന്നിവയും നടപ്പാക്കും.

കോ-ഓപ്പ് മാർട്ട് പദ്ധതിക്ക് കീഴിൽ ഇ-മാർക്കറ്റിംഗ് പ്ലാറ്റ്ഫോം ആവിഷ്‌കരിക്കും.

എല്ലാ ജില്ലകളിലും സഹകരണ ചന്തകൾ ഉണ്ടാകും.

സംസ്ഥാനത്താകെ അധികാര പരിധിയിലുള്ള പുതിയ നെല്ല് സഹകരണ സംഘം രൂപീകരിക്കും. പാലക്കാട് റൈസ്മിൽ മാതൃകയിൽ രണ്ട് ആധുനിക റൈസ്മില്ലുകൾ സ്ഥാപിക്കും. പാപ്കോസിൽ ഈ വർഷം തന്നെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും.

പുനർജനി പദ്ധതിയിൽപ്പെടുത്തി പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘങ്ങൾ നവീകരിക്കും. കൂടുതൽ തൊഴിൽ സാധ്യത ഉറപ്പുവരുത്തും.സഹകരണമേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ നിയമ പോരാട്ടം തുടരും.

എല്ലാ സഹകരണ ബാങ്ക് ജീവനക്കാർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ പരിഗണന ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കുന്ന ജീവനക്കാർക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.